കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന്റെ സിറ്റിങ്ങ് എംഎൽഎമാരെല്ലാം വീണ്ടും ജനവിധി തേടാൻ പാർട്ടിയിൽ ധാരണയായി. ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളിയിൽ ഡോ. എൻ. ജയരാജ്, പൂഞ്ഞാറിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചങ്ങനാശ്ശേരിയിൽ ജോബ് മൈക്കിൾ, റാന്നിയിൽ പ്രമോദ് നാരായൺ എന്നിവർ 'രണ്ടില' ചിഹ്നത്തിൽ തന്നെ വീണ്ടും മത്സരിക്കും.(Kerala Congress M Sitting MLAs will enter the fray again)
ഏറ്റവും കൂടുതൽ ആകാംക്ഷ നിലനിൽക്കുന്ന പാലാ മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ. മാണി തന്നെ മത്സരിക്കാനാണ് സാധ്യത. പാലാ വിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് മാറുന്നത് രാഷ്ട്രീയ ഒളിച്ചോട്ടമായി വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം. കഴിഞ്ഞ തവണത്തെ പരാജയത്തിന് പാലായിൽ തന്നെ മറുപടി നൽകാനാണ് ചെയർമാന്റെ നീക്കം. അതേസമയം, സുരക്ഷിത മണ്ഡലം എന്ന നിലയിൽ കടുത്തുരുത്തിയുടെ പേരും ചർച്ചകളിൽ ഉയരുന്നുണ്ട്.
കടുത്തുരുത്തിയിൽ കഴിഞ്ഞ തവണ മത്സരിച്ച സ്റ്റീഫൻ ജോർജിന് പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ പേര് പരിഗണനയിലുണ്ട്. പിറവം/പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലൊന്നിൽ ജോണി നെല്ലൂർ സ്ഥാനാർത്ഥിയായേക്കും.
ആന്റണി രാജുവിന്റെ തിരുവനന്തപുരം സീറ്റിലും എൻസിപിയുടെ കുട്ടനാട് സീറ്റിലും കേരള കോൺഗ്രസ് എം അവകാശവാദം ഉന്നയിക്കാൻ സാധ്യതയുണ്ട്. ചാലക്കുടി, ഇരിക്കൂർ മണ്ഡലങ്ങൾക്ക് പകരം വിജയസാധ്യതയുള്ള മറ്റ് സീറ്റുകൾ പാർട്ടി ലക്ഷ്യമിടുന്നു.