തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം നടന്ന സ്ഥലത്ത് നടത്തിയ സംയുക്ത പരിശോധനയിൽ നാല് ശരീരഭാഗങ്ങളും പത്തോളം മൊബൈൽ ഫോൺ അവശിഷ്ടങ്ങളും കൂടി കണ്ടെത്തി. രക്ഷാപ്രവർത്തനത്തിനും തെളിവെടുപ്പിനുമായി നടത്തിയ പരിശോധനയിൽ നിർണ്ണായക വിവരങ്ങൾ ലഭിച്ചതായി പോലീസ് കമ്മീഷണർ അറിയിച്ചു.(Mundathikode tragedy, 4 more body parts found)
അപകടസമയത്ത് സ്ഥലത്ത് 37 പേർ ഉണ്ടായിരുന്നുവെന്നാണ് നിലവിലെ കണ്ടെത്തൽ. ഇതിൽ എട്ടുപേരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിക്കേറ്റ് ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ ഇന്നലെ മരിച്ചതോടെ മരണസംഖ്യ ഉയർന്നു.
നിലവിൽ ഒരു മൃതദേഹവും ഏതാനും ശരീരഭാഗങ്ങളും തിരിച്ചറിയാനുണ്ട്. നാലുപേരെക്കുറിച്ച് ഇനിയും വിവരമില്ല. ഇവരെ തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. നാല് ദിവസത്തിനുള്ളിൽ പരിശോധനാഫലം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകടസ്ഥലത്തുനിന്ന് 200 മുതൽ 300 കിലോ വരെ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയിട്ടുണ്ട്. ഇവ സുരക്ഷിതമായി ഇന്ന് തന്നെ നീക്കം ചെയ്യും.

