റോബിനെതിരെ കെഎസ്ആർടിസിയുടെ നീക്കം; കോയമ്പത്തൂരിലേക്ക് നാളെ മുതൽ വോൾവോ എസി ബസ് സർവീസ് നടത്തും

ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിൽ ഇന്നു സർവീസ് ആരംഭിച്ച റോബിൻ എന്ന സ്വകാര്യ ബസിനു പകരമായി പത്തനംതിട്ട–കോയമ്പത്തൂർ റൂട്ടിൽ എസി വോൾവോ ബസുകൾ സർവീസ് നടത്താൻ കെഎസ്ആർടിസി തീരുമാനിച്ചു. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് ഈരാറ്റുപേട്ട വഴിയാണ് വോൾവോ എ.സി. നേരത്തെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങളിലെ ചില വകുപ്പുകൾക്കെതിരെ കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

രാവിലെ 4.30ന് പത്തനംതിട്ടയിൽ നിന്ന് സർവീസ് ആരംഭിക്കുന്ന വോൾവോ എസി ബസ് റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, വടക്കഞ്ചേരി, പാലക്കാട് വഴിയാണ് പോകുന്നത്. തിരിച്ച് സർവീസ് നടത്തുന്ന ബസ് കോയമ്പത്തൂരിൽ നിന്ന് വൈകിട്ട് 4.30ന് പത്തനംതിട്ടയിലേക്ക് പുറപ്പെടും. നാളെ മുതൽ ബസ് സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്ന് പുറപ്പെട്ട ബസ് എംവിഡി തുടർച്ചയായി തടഞ്ഞതിനെ തുടർന്ന് നാട്ടുകാരും യാത്രക്കാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നു. ആളുകളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ ഉദ്യോഗസ്ഥർ നിശ്ശബ്ദത പാലിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ നാട്ടുകാരും യാത്രക്കാരും ഉദ്യോഗസ്ഥർക്ക് നേരെ ആഞ്ഞടിച്ചു. താമസിയാതെ പുറത്തുനിന്നുള്ള ഒരു വലിയ ജനക്കൂട്ടവും അവർക്കൊപ്പം ചേർന്നു. പരിശോധനയുടെ പേരിൽ ബസ് യാത്രയിലുടനീളം പലതവണ എംവിഡി അധികൃതർ തടഞ്ഞു.