അഴീക്കൽ: കാസർഗോഡ് ജില്ലയിലെ അഴീക്കൽ ജുമാമസ്ജിദിൽ നടന്ന ശൈശവ വിവാഹത്തിൽ ഉസ്താദ് ഉൾപ്പെടെ നാല് പേർക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. വലിയപറമ്പ് പഞ്ചായത്തിലെ 16 കാരിയെ പടന്ന പഞ്ചായത്തിലെ പ്രവാസിയായ 28 കാരന് വിവാഹം കഴിച്ചു നൽകിയ സംഭവത്തിലാണ് നടപടി (Kasaragod Child Marriage Case). എടച്ചാക്കൈ ബദർ നഗർ സ്വദേശിയായ വരൻ ഷാബിർ ഷെയ്ഖ് (28), പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമ പഞ്ചായത്ത് മെമ്പറും അഴീക്കൽ ജുമാ മസ്ജിദ് സെക്രട്ടറിയുമായ പി.കെ. താജുദ്ദീൻ, ജുമാ മസ്ജിദിലെ ഉസ്താദ് റഹ്മത്തുള്ള എന്നിവർക്കെതിരെയാണ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ 13-നാണ് ഉസ്താദിന്റെ കാർമികത്വത്തിൽ പള്ളിയിൽ വെച്ച് വിവാഹ ചടങ്ങുകൾ നടന്നത്. പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ പെൺകുട്ടി താമസിക്കുന്ന മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ വിസമ്മതിച്ചിരുന്നു. തുടർന്നാണ് പള്ളി കമ്മിറ്റി സെക്രട്ടറിയുടെ ഒത്താശയോടെ വരന്റെ നാട്ടിലെ പള്ളിയിൽ വെച്ച് വിവാഹം നടത്തിയത്. ശൈശവ വിവാഹത്തിന് പള്ളി ഭാരവാഹികൾ ഒത്താശ ചെയ്തുവെന്ന് കാണിച്ച് നാട്ടുകാരാണ് കാസർഗോഡ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്. ജില്ലാ ശിശുക്ഷേമ വികസന വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസർ നടത്തിയ അന്വേഷണത്തിൽ പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടു. നിയമം മൂലം നിരോധിച്ച ശൈശവ വിവാഹം നടന്ന സാഹചര്യത്തിൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ അറിയിച്ചു.
Summary: Police in Kasaragod have registered a case against four individuals, including a religious leader (Ustad) and a Grama Panchayat member, for conducting a child marriage. A 16-year-old girl from Valiyaparamba was married to a 28-year-old NRI at Azheekal Juma Masjid on April 13. The marriage was conducted at the groom’s local mosque after the girl’s local Mahal committee refused to perform the ceremony due to a lack of age proof. The action follows an investigation by the Childline and the District Child Protection Department.

