തിരുവനന്തപുരം: കേരള കോൺഗ്രസിലെ അധികാര സമവാക്യങ്ങളെ അട്ടിമറിച്ചുകൊണ്ട് കെ. സുധാകരൻ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിക്കുന്നു. നേരത്തെ രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരസ്യമായി പിന്തുണച്ചിരുന്ന സുധാകരൻ, പെട്ടെന്ന് നിലപാട് മാറ്റി കെ.സി. വേണുഗോപാലിനെ വാനോളം പുകഴ്ത്തി രംഗത്തെത്തിയത് ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നു.(K Sudhakaran, who supported Ramesh Chennithala now supports KC Venugopal)
ദേശീയ തലത്തിൽ തുടരുമ്പോഴും കേരള രാഷ്ട്രീയത്തിൽ കെ.സിയുടെ സാന്നിധ്യം അനിവാര്യമാണെന്ന് സുധാകരൻ കുറിക്കുന്നു. കെ. കരുണാകരനടക്കമുള്ളവരുടെ പാത പിന്തുടർന്ന് കേരള രാഷ്ട്രീയത്തിലെ ‘മുടിചൂടാമന്നനായി’ ഉയരാൻ കെ.സിക്ക് കഴിയുമെന്ന് സുധാകരൻ അവകാശപ്പെടുന്നു.
താഴെത്തട്ടിൽ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളർന്നുവരുന്ന നേതാക്കൾക്ക് മാത്രമേ പ്രവർത്തകരുടെ മനസ്സറിയാൻ കഴിയൂ എന്നും അദ്ദേഹം പറയുന്നുണ്ട്. പദവികളിലല്ല, പ്രവർത്തന പാരമ്പര്യത്തിലാണ് ഒരു നേതാവിന്റെ മഹത്വം പ്രതിഫലിക്കുന്നതെന്ന പ്രസ്താവനയും ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, പാർട്ടിക്കുള്ളിലെ ഈ പുതിയ ചേരിതിരിവ് ഹൈക്കമാൻഡിനും തലവേദനയാണ്.

