ചെന്നൈ: കേന്ദ്ര സർക്കാരിന്റെ മണ്ഡലപുനർനിർണ്ണയ നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഡിഎംകെ. സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തെ കരിങ്കൊടി പ്രതിഷേധത്തിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ എല്ലാ വാർഡുകളിലും ബൂത്ത് തലത്തിലും കറുത്ത കൊടി ഉയർത്തും.(Constituency re-delimitation, MK Stalin wears black clothes, burns copy of bill)
മണ്ഡലപുനർനിർണ്ണയ ബില്ലിന്റെ പകർപ്പ് കത്തിച്ചുകൊണ്ടാണ് സ്റ്റാലിൻ പ്രതിഷേധത്തിന് തുടക്കമിട്ടത്. മുഖ്യമന്ത്രിയുടെ വസതിയിലും കറുത്ത കൊടി ഉയർത്തിയിട്ടുണ്ട്. നാമക്കലിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കറുത്ത ഷർട്ട് ധരിച്ചെത്തിയ അദ്ദേഹം തമിഴ് ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ചു.
ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിനെതിരെ തമിഴ്‌നാട് നടത്തിയ പ്രതിഷേധത്തിന് മുന്നിൽ ഡൽഹിക്ക് കീഴടങ്ങേണ്ടി വന്നിട്ടുണ്ട്. ദ്രാവിഡ മണ്ണിൽ ഇപ്പോൾ ഉയരുന്ന ഈ പ്രതിഷേധ ജ്വാല ബിജെപിയുടെ അഹന്തയെ ഇല്ലാതാക്കും. തമിഴ് ജനതയെ സ്വന്തം മണ്ണിൽ അഭയാർത്ഥികളാകാൻ അനുവദിക്കില്ല, എം.കെ. സ്റ്റാലിൻ പറഞ്ഞു. വീടുകൾ, കടകൾ, വ്യവസായശാലകൾ എന്നിവിടങ്ങളിൽ കരിങ്കൊടി ഉയർത്തി വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഡിഎംകെ തീരുമാനം.
അതേസമയം, വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. വനിതാ സംവരണ ബില്ലിനോട് നൂറു ശതമാനം യോജിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. മണ്ഡലങ്ങളുടെ എണ്ണം പകുതിയായി വർദ്ധിപ്പിക്കാനുള്ള നീക്കത്തെ സ്വാഗതം ചെയ്യുന്നു. ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം കുറയാതിരിക്കാൻ സീറ്റുകൾ വർദ്ധിപ്പിക്കുകയാണ് പോംവഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

