സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ചതായി പരാതി
Sep 7, 2023, 07:46 IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മദ്യപിച്ച് ലക്കുകെട്ട് കിടന്നുറങ്ങിയ ഇടത് അനുഭാവിയായ ഉദ്യോഗസ്ഥനെ പറഞ്ഞു വിടാൻ ശ്രമിച്ച സുരക്ഷാ ജീവനക്കാരനു നേർക്കു കൈയേറ്റം. തൊഴിൽ വകുപ്പു സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്കിലാണ് തൊഴിൽ വകുപ്പിലെ ഉദ്യോഗസ്ഥനെ മദ്യപിച്ചു ലക്കുകെട്ട നിലയിൽ കണ്ടെത്തിയത്. രണ്ടിനു രാത്രി 8.30 നോടെ ഓഫീസ് അടയ്ക്കാനെത്തിയ സുരക്ഷാ ജീവനക്കാരനാണ് മദ്യപിച്ച നിലയിൽ ഉദ്യോഗസ്ഥനെ ഓഫീസിനുള്ളിൽ കണ്ടെത്തിയത്. പുറത്തു പോകാൻ ആവശ്യപ്പെട്ടെങ്കിലും ഇഷ്ടപ്പെടാത്ത ഉദ്യോഗസ്ഥൻ സുരക്ഷാ ജീവനക്കാരനെ അസഭ്യംപറയുകയും അക്രമിക്കുകയും ചെയ്തുവെന്നാണു പരാതി.
പിടിവലിയിൽ സുരക്ഷ ജീവനക്കാരന് പരിക്കേൽക്കുകയും ചെയ്തു. ബഹളം കേട്ട് മറ്റ് സുരക്ഷ ഉദ്യോഗസ്ഥരും എത്തി. സുരക്ഷ ഉദ്യോഗസ്ഥർ കന്റോണ്മെന്റ് പോലീസിൽ ഉടൻ വിവരം അറിയിക്കുകയും പോലീസ് എത്തി ഉദ്യോഗസ്ഥനെ മടക്കിഅയക്കുകയുമായിരുന്നു. തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടു തൊഴിൽ വകുപ്പ് ജീവനക്കാരനെതിരേ കന്റോണ്മെന്റ് പോലീസ് കേസെടുത്തു. എന്നാൽ, ഉദ്യോഗസ്ഥനെതിരേ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ ഇതുവരെ തയാറായില്ലെന്ന ആരോപണം ഉയരുന്നുണ്ട്.
