കണ്ണൂർ: 17 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സി.പി.എം പ്രവർത്തകൻ ലതേഷ് കൊല്ലപ്പെട്ട കേസിൽ കോടതി ശിക്ഷ പ്രഖ്യാപിച്ചു. പ്രതികളായ ഏഴ് പേർക്കും ജീവപര്യന്തം തടവും ഒപ്പം 1,40,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.(CPM leader Lathesh murder case, 7 accused RSS-BJP workers sentenced to life imprisonment and fine)
നാല് വ്യത്യസ്ത വകുപ്പുകളിലായി ആകെ 35 വർഷം തടവുശിക്ഷയാണ് കോടതി വിധിച്ചത്. എന്നാൽ ഈ ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതിനാൽ പ്രതികൾ ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരും. പി. സുമിത്ത്, കെ.കെ. പ്രജീഷ് ബാബു, ബി. നിധിൻ, കെ. സനൽ, സ്മിജോഷ് (റിജോഷ്), സജീഷ്, വി. ജയേഷ് എന്നിവരാണ് ശിക്ഷിക്കപ്പെട്ട പ്രതികൾ.
ഓരോ പ്രതിയും 1,40,000 രൂപ വീതം പിഴയൊടുക്കണം. 2008 ഡിസംബർ 31-ന് രാത്രിയാണ് ലതേഷിനെ സംഘം ചേർന്ന് ആക്രമിച്ചത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രതികൾ ലതേഷിനെ പിന്തുടരുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഓടിക്കയറിയ ലതേഷിനെ അവിടെവെച്ച് വെട്ടിക്കൊലപ്പെടുത്തി. ലതേഷിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. എട്ടാം പ്രതി വിചാരണക്കാലയളവിൽ മരിച്ചിരുന്നു.