

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലെ സേവനങ്ങളെ സാരമായി ബാധിക്കുന്ന രീതിയിൽ ഡോക്ടർമാർ പ്രതിഷേധം ശക്തമാക്കുന്നു. ഒപി ബഹിഷ്കരണവും ലബോറട്ടറി സേവനങ്ങളിൽ നിന്നുള്ള വിട്ടുനിൽക്കലും മുൻപ് നടത്തിയിട്ടും സർക്കാർ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടാകാത്തതിനാലാണ് കടുത്ത സമരത്തിലേക്ക് നീങ്ങുന്നതെന്ന് സംഘടന വ്യക്തമാക്കി.(Medical college doctors to go on indefinite strike from January 13)
ജനുവരി 13 മുതൽ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്ന രീതിയിൽ അധ്യാപനം പൂർണ്ണമായും നിർത്തിവയ്ക്കും. അടുത്ത ആഴ്ച മുതൽ അടിയന്തര പ്രാധാന്യമില്ലാത്ത എല്ലാ ചികിത്സാ സേവനങ്ങളും നിർത്തിവയ്ക്കാനാണ് തീരുമാനം.
നിലവിലെ ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകൾ ഉടൻ പരിഹരിക്കുക, ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, നിലവിലെ താല്കാലിക കൂട്ടസ്ഥലംമാറ്റങ്ങൾ ഒഴിവാക്കുക, ജോലിഭാരം കുറയ്ക്കുന്നതിനായി കൂടുതൽ തസ്തികകൾ സൃഷ്ടിക്കുക എന്നിവയാണ് ആവശ്യങ്ങൾ.