കൊച്ചി: എം എസ് സി എൽസ 3 കപ്പൽ അപകടത്തിൽ കമ്പനി 1227.62 കോടി രൂപ കേരള ഹൈക്കോടതിയിൽ കരുതൽ പണമായി കെട്ടിവെച്ചു. തുക നൽകിയതിനെത്തുടർന്ന് വിഴിഞ്ഞത്ത് മാസങ്ങളായി അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എം.എസ്.സി അക്വിറ്റേറ്റ-2 എന്ന കപ്പലിനെ കോടതി വിട്ടയച്ചു.(MSC Elsa-3 ship accident, Company deposits Rs 1227.62 crore in High Court, ship released)
കഴിഞ്ഞ മെയ് മാസത്തിലാണ് 600-ഓളം കണ്ടെയ്‌നറുകളുമായി വന്ന എം.എസ്.സി എൽസ-3 കൊച്ചി പുറംകടലിൽ വെച്ച് അപകടത്തിൽപ്പെട്ടത്. കടലിൽ വീണ കണ്ടെയ്‌നറുകളിൽ പലതിലും രാസമാലിന്യങ്ങൾ ഉണ്ടായിരുന്നതിനാൽ വലിയ പാരിസ്ഥിതിക ആഘാതമാണ് ഉണ്ടായത്.
സംസ്ഥാന സർക്കാർ സമർപ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പ്രകാരമാണ് 1227.62 കോടി രൂപ കെട്ടിവെക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാൽ 136 കോടി രൂപയുടെ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നും ഇത്രയും വലിയ തുക നൽകാനാവില്ലെന്നുമായിരുന്നു കപ്പൽ കമ്പനിയുടെ വാദം.
തുക നൽകാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന് സെപ്റ്റംബറിൽ വിഴിഞ്ഞത്തെത്തിയ കമ്പനിയുടെ തന്നെ മറ്റൊരു കപ്പലായ എം.എസ്.സി അക്വിറ്റേറ്റ-2 കോടതി ഉത്തരവനുസരിച്ച് തടഞ്ഞുവെച്ചു. ഒടുവിൽ കപ്പൽ വിട്ടുകിട്ടുന്നതിനായി കോടതി നിർദ്ദേശിച്ച മുഴുവൻ തുകയും കമ്പനി കെട്ടിവെക്കാൻ നിർബന്ധിതരാകുകയായിരുന്നു.
സെപ്റ്റംബർ മുതൽ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന അക്വിറ്റേറ്റ കപ്പൽ ക്ലിയറൻസ് ലഭിച്ചതോടെ യാത്ര തുടർന്നു. കോടതിയിൽ കെട്ടിവെച്ച തുകയിൽ നിന്ന് നാശനഷ്ടങ്ങൾക്കുള്ള കൃത്യമായ വിഹിതം നിശ്ചയിക്കുന്നതിനുള്ള നിയമനടപടികൾ വരും ദിവസങ്ങളിൽ നടക്കും. കേരളത്തിന്റെ തീരത്തുണ്ടായ ഏറ്റവും വലിയ കപ്പൽ അപകട നഷ്ടപരിഹാര തുകകളിലൊന്നാണ് ഇത്.