പാലക്കാട്: അട്ടപ്പാടിയിലെ സി.പി.എമ്മിന്റെ കരുത്തനായ നേതാവായിരുന്ന വി.ആർ. രാമകൃഷ്ണൻ ബി.ജെ.പിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്കെതിരെ വിമതനായി മത്സരിച്ചതിനെത്തുടർന്നുണ്ടായ തർക്കങ്ങളാണ് ഇത്തരമൊരു രാഷ്ട്രീയ മാറ്റത്തിന് പിന്നിൽ.(Former CPM area secretary in Attappadi joins BJP)
കഴിഞ്ഞ 42 വർഷമായി അട്ടപ്പാടിയിലെ സി.പി.എമ്മിന്റെ സജീവ മുഖമായിരുന്നു രാമകൃഷ്ണൻ. രണ്ട് തവണയായി ആറ് വർഷം അട്ടപ്പാടി ഏരിയ സെക്രട്ടറിയായും 12 വർഷം ജെല്ലിപ്പാറ ലോക്കൽ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പിൽ അഗളി പഞ്ചായത്തിൽ വിമതനായി മത്സരിച്ചതിന് പിന്നാലെ, അഗളി ലോക്കൽ സെക്രട്ടറി ഫോണിലൂടെ വധഭീഷണി മുഴക്കിയത് വലിയ വിവാദമായിരുന്നു. ഇതോടെ പാർട്ടിയുമായുള്ള ബന്ധം പൂർണ്ണമായും വഷളായി.
രാമകൃഷ്ണനെ നാലര വർഷം മുൻപ് തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നാണ് സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ വാദം. അന്ന് മുതൽ തനിക്ക് അംഗത്വം നിഷേധിച്ചതാണെന്നും താൻ പാർട്ടിയുമായി സഹകരിക്കുന്നില്ലെന്നും രാമകൃഷ്ണനും വ്യക്തമാക്കി.