തിരുവനന്തപുരം: കേരളത്തിന്റെ നിലവിലെ ജില്ലാ അതിർത്തികൾ പുനർനിർണ്ണയിച്ച് പുതിയ അഞ്ച് ജില്ലകൾ കൂടി രൂപീകരിക്കണമെന്ന ചർച്ചയ്ക്ക് വി.ടി. ബൽറാം തുടക്കമിട്ടു. ഇത് പാർട്ടിയുടെയോ യു.ഡി.എഫിന്റെയോ ഔദ്യോഗിക നിലപാടല്ലെന്നും തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം കുറിപ്പിൽ പ്രത്യേകം എടുത്തുപറഞ്ഞിട്ടുണ്ട്.(Kerala needs 5 more new districts, says VT Balram)
തിരുവനന്തപുരം - കൊല്ലം ജില്ലകളെ പുനഃക്രമീകരിച്ച് ഇടയിലായി ഒരു പുതിയ ജില്ല രൂപീകരിക്കാം. എറണാകുളം - തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി പുതിയൊരു ജില്ലയ്ക്ക് സാധ്യതയുണ്ട്. മലപ്പുറം - പാലക്കാട് - തൃശൂർ എന്നിവയുടെ വിസ്തൃതിയും ജനസംഖ്യയും കണക്കിലെടുത്ത് വിഭജിച്ച് അഞ്ച് ജില്ലകളാക്കി മാറ്റാം. അതായത് രണ്ട് പുതിയ ജില്ലകൾ കൂടി ഈ ഭാഗത്ത് വരണമെന്നും അദ്ദേഹം പറയുന്നു.
കോഴിക്കോട് - കണ്ണൂർ എന്നീ പ്രധാന ജില്ലകൾക്കിടയിലായി മറ്റൊരു പുതിയ ജില്ല കൂടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണപരമായ വികേന്ദ്രീകരണം വേഗത്തിലാക്കാനും ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ അടുത്തു ലഭ്യമാക്കാനും ചെറിയ ജില്ലകൾ സഹായിക്കുമെന്നാണ് ബൽറാം ചൂണ്ടിക്കാണിക്കുന്നത്.