ഉടമയായ ഡോക്ടറുടെ പറമ്പിൽ ആശുപത്രി മാലിന്യങ്ങൾ തള്ളി; പ്രതിഷേധവുമായി നാട്ടുകാർ

മാന്നാർ: സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങൾ ഉപയോഗശൂന്യമായ പറമ്പിൽ തള്ളുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. തിരുവൻവണ്ടൂർ ഗ്രാമ പഞ്ചായത്തിലെ കല്ലിശ്ശേരി ഉമയാറ്റുകരയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ മാലിന്യങ്ങളാണ് മാന്നാർ പാവുക്കരയിലുള്ള ഡോക്ടറുടെ ഉപയോഗശൂന്യമായ പറമ്പിൽ തള്ളുന്നത്.

നേരത്തെ വിഷയത്തിൽ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് മാലിന്യം തള്ളുന്നത് നിർത്തലാക്കിയിരുന്നു. എന്നാൽ വീണ്ടും ഇത് തുടർന്നതോടെയാണ് നാട്ടുകാർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആശുപത്രിയിലിലെ എല്ലാ തരത്തിലുള്ള മാലിന്യങ്ങളും ജനങ്ങൾ താമസിക്കുന്ന പ്രദേശത്ത് തള്ളുന്നത് രോഗങ്ങൾ കാരണമാകുമെന്നാണ് പ്രദേശവാസികളുടെ ആശങ്ക.
വാർഡ് മെമ്പർ സുനിത എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തെതുടർന്ന് സ്ഥലത്തുനിന്നും മാലിന്യങ്ങൾ ആശുപത്രി അധികൃതർ നീക്കം ചെയ്തിട്ടുണ്ട്.