പത്തനംതിട്ട: ജില്ലയിൽ കടുത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും നിലനിൽക്കുന്നതിനാൽ എല്ലാത്തരം അവധിക്കാല ക്ലാസുകളും നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയുൾപ്പെടെ ഒന്നിനും ഈ കാലയളവിൽ ക്ലാസുകൾ നടത്താൻ അനുമതിയുണ്ടായിരിക്കില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ മുൻനിർത്തിയാണ് കർശന നടപടി.(Heat wave likely in Pathanamthitta, Holiday classes banned)
സംസ്ഥാനത്തെ 12 ജില്ലകളിൽ വരും ദിവസങ്ങളിലും കനത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പാലക്കാട്: 40°C വരെ, കൊല്ലം: 39°C വരെ, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്: 37°C വരെ, തിരുവനന്തപുരം: 36°C വരെ എന്നിങ്ങനെയാണ് താപനില.
ചിലയിടങ്ങളിൽ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ചൂടിന് വലിയ കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കുക. പകൽ 10 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. ഈ സമയത്താണ് അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം കൂടുതലായിരിക്കുന്നത്.

