മാലിന്യത്തിന് തീപിടിച്ചു; പുക നിറഞ്ഞ് കുളനട
Thu, 16 Mar 2023

പന്തളം: കുളനട മത്സ്യ മാർക്കറ്റിന് സമീപത്തെ മാലിന്യത്തിൽ വൻ തീപിടിത്തം. ബുധനാഴ്ച വൈകുന്നേരം നാലിന് മാർക്കറ്റിന് പടിഞ്ഞാറുവശം തരംതിരിക്കുന്നതിനായി കൂട്ടിയിട്ടിരുന്ന മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചത്. തരംതിരിച്ച് മാലിന്യത്തിന്റെ ഒരുലോഡ് ഇവിടെനിന്നും ലോറിയിൽ കയറ്റി അയച്ച ശേഷമാണ് സംഭവമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ചിത്തിര സി. ചന്ദ്രൻ പറഞ്ഞു. രണ്ടു മണിക്കൂറോളം ആളിപ്പടർന്നു. ഒപ്പം പുകയും. അന്തരീക്ഷത്തിൽ പടർന്നതോടെ കുളനട പ്രദേശം പുകയിൽ മുങ്ങി. അടൂർ, ചെങ്ങന്നൂർ, പത്തനംതിട്ട, എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷ സേനയെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. പന്തളം പൊലീസും സ്ഥലത്തെത്തിയിരുന്നു.