റെയിൽവേ ട്രാക്കിൽ വലിച്ചെറിഞ്ഞ 20 ലക്ഷത്തിന്റെ കഞ്ചാവ് പിടികൂടി
Nov 18, 2023, 21:06 IST

ചേർത്തല: ചേർത്തലയിൽ 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 20.287 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. ആലപ്പുഴ എക്സൈസ് ഇന്റലിജൻസും ചേർത്തല എക്സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 20 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
രഹസ്യവിവരത്തെതുടർന്ന് ബുധനാഴ്ച വൈകീട്ട് ചേർത്തല റെയിൽവേ സ്റ്റേഷനിൽ ഷാലിമാർ എക്സ്പ്രസിൽ പരിശോധന നടത്തുമ്പോൾ കഞ്ചാവ് എത്തിച്ചവർ റെയിൽവേ ട്രാക്കിൽ കഞ്ചാവ് വലിച്ചെറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
