കാട്ടാന ചെരിഞ്ഞതിൽ അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

കോന്നി: മൺപിലാവിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാന ചെരിഞ്ഞ സംഭവം സ്ഫോടകവസ്തു മൂലമെന്ന നിഗമനത്തെ തുടർന്ന് അസ്വാഭാവിക മരണത്തിന് വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വനംവകുപ്പ് പ്രദേശത്ത് തിരച്ചിൽ നടത്തി. ആന ചെരിഞ്ഞ പ്രദേശത്ത് വന്യമൃഗങ്ങളെ ആപായപ്പെടുത്താനുള്ള സ്ഫോടക വസ്തുക്കളോ കുരുക്കുകളോ ഉണ്ടോയെന്ന് കണ്ടെത്തുന്നതിന്റെ ഭാഗമായാണ് തിരച്ചിൽ നടത്തിയത്. കൊല്ലൻപടി, മൺപിലാവ്, വിലൂന്നിപറ എന്നിവിടങ്ങളിൽ വനംവകുപ്പിന്റെ പെരിയാർ ടൈഗർ റിസർവിലെ സ്നിഫർ ഡോഗ് ജെന്നി, ജൂലി തുടങ്ങിയ നായ്ക്കളെ ഉപയോഗിച്ചാണ് തിരച്ചിൽ നടത്തിയത്.

മൂന്ന് ദിവസങ്ങൾക്ക് മുൻപ് മൺപിലാവ് മരങ്ങാട്ട് വീട്ടിൽ ബാലകൃഷ്ണണന്റെ പറമ്പിൽ അവശനിലയിൽ കാണപ്പെട്ട കാട്ടാനയാണ് രാത്രി എട്ടരയോടെ ചരിഞ്ഞത്. മരണകാരണം വ്യക്തമല്ലാത്തതിനാൽ സാമ്പിൾ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ലാബിൽ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനഫലം പുറത്തുവന്നെങ്കിൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകുകയുള്ളു.