Times Kerala

കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഭിന്നശേഷി കുട്ടിക്കും കുടുംബത്തിനും മര്‍ദനം അച്ഛനും മകനും അറസ്റ്റില്‍

 
കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടി ഭിന്നശേഷി കുട്ടിക്കും കുടുംബത്തിനും മര്‍ദനം അച്ഛനും മകനും അറസ്റ്റില്‍
കളമശേരി: കാറുകള്‍ തമ്മില്‍ കൂട്ടിമുട്ടിയതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടിക്കും കുടുംബത്തിനും മര്‍ദനമേറ്റു. സംഭവത്തില്‍ അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു. ആലുവ, പുളിഞ്ചോട്, ഹണി ഡ്യൂ വീട്ടില്‍, സലീം സാദിക് (58) മകൻ റോണ്‍ ഫര്‍ഹാന്‍ (25) എന്നിവരെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകീട്ട് ലുലു മാളിൻ്റെ പരിസരത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

റോണ്‍ ഫര്‍ഹാന്‍ ഓടിച്ചിരുന്ന കാറില്‍ സന്തോഷും ഭാര്യയും ഓട്ടിസം ബാധിതനായ കുട്ടിയും അടങ്ങുന്ന കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ മുട്ടിയെന്നാരോപിച്ച് സന്തോഷിനെ കാറില്‍ നിന്നും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത സന്തോഷിൻ്റെ ഭാര്യയെ തള്ളിയിടുകയും നാട്ടുകാര്‍ കേള്‍ക്കെ അസഭ്യ വര്‍ഷം നടത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയ സന്തോഷിനെയും കുടുംബത്തെയും റോണ്‍ ഫര്‍ഹാനും സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന റോണ്‍ ഫര്‍ഹാൻ്റെ പിതാവ് സലിം സാദിക്കും ചേര്‍ന്ന് യാതൊരു പ്രകോപനമില്ലാതെ മർദിക്കുകയും ഇത് തടയുവാനെത്തിയ സന്തോഷിൻ്റെ ഭാര്യയെയും ഭിന്നശേഷിയുള്ള കുട്ടിയെയും ഇരുവരും ചേര്‍ന്ന് തള്ളി താഴെയിടുകയും ചെയ്തു.   തുടര്‍ന്ന് കളമശേരി പൊലീസ് സംഭവ സ്ഥലത്തു നിന്നു  ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കളമശേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.  മര്‍ദനത്തില്‍ പരിക്കേറ്റ സന്തോഷ് കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.  

Related Topics

Share this story