'രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യം, പിന്നിൽ RSS അജണ്ട, ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് കോൺഗ്രസ് തീരുമാനിക്കണം': തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിൽ NK പ്രേമചന്ദ്രൻ | MGNREGA

ഗാന്ധിജിയുടെ പേര് ഒഴിവാക്കിയതെന്തിന് എന്നും അദ്ദേഹം ചോദിച്ചു
'രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യം, പിന്നിൽ RSS അജണ്ട, ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് കോൺഗ്രസ് തീരുമാനിക്കണം': തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റത്തിൽ NK പ്രേമചന്ദ്രൻ | MGNREGA
Updated on

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGA) പേര് മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കം രാഷ്ട്രപിതാവിനെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. ഈ നീക്കത്തിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന സത്ത ഇല്ലാതാക്കാനും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(NK Premachandran criticizes name change of MGNREGA scheme)

നിലവിലെ തൊഴിലവകാശത്തെ കേവലം കേന്ദ്രാവിഷ്കൃത പദ്ധതിയായി മാറ്റാനുള്ള നിയമനിർമ്മാണമാണ് നടക്കുന്നതെന്ന് പ്രേമചന്ദ്രൻ എം.പി. ചൂണ്ടിക്കാട്ടി. പേര് മാറ്റത്തിന് പിന്നിൽ ആർ.എസ്.എസിന്റെ കൃത്യമായ അജണ്ടയുണ്ടെന്നും അദ്ദേഹം ആരോപിച്ചു. "രാജ്യാന്തര ശ്രദ്ധ ആകർഷിച്ച പദ്ധതിയാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. ബി.ജെ.പി. അധികാരത്തിൽ വന്നതുമുതൽ ഈ പദ്ധതിയെ നശിപ്പിക്കാൻ ശ്രമം നടക്കുകയാണ്. 2005-ലെ പദ്ധതി 100 ദിവസത്തെ തൊഴിലവകാശം ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇപ്പോൾ തൊഴിൽ ദിനങ്ങൾ 125 ദിവസമായി വർദ്ധിപ്പിക്കുമ്പോൾ, അതിന്റെ 40% ചെലവ് സംസ്ഥാനങ്ങൾ വഹിക്കണമെന്ന് പറയുന്നു. അങ്ങനെയെങ്കിൽ എന്ത് തൊഴിൽ ഉറപ്പാണ് കേന്ദ്രസർക്കാർ മുന്നോട്ട് വെക്കുന്നത്?" – അദ്ദേഹം ചോദിച്ചു.

പദ്ധതിക്ക് വിബി ജി റാം ജി എന്ന പേര് നൽകാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്. ഹിന്ദിയും സംസ്കൃതവും ഇംഗ്ലീഷും ചേർത്ത് സങ്കലിതമായ ഈ പേരിന് പിന്നിൽ ആർ.എസ്.എസിന്റെ വർഗീയ അജണ്ടയാണുള്ളതെന്ന് എം.പി. ആരോപിച്ചു. ബിഹാർ വിജയത്തിന്റെ പശ്ചാത്തലത്തിൽ എന്തും രാജ്യത്ത് നടപ്പാക്കാം എന്ന മനോഭാവത്തിലാണ് ഈ പുതിയ നിയമനിർമ്മാണം. ഈ ബിൽ ഫെഡറൽ ജനാധിപത്യ സ്വഭാവം ഇല്ലാത്തതാണെന്നും ഫെഡറൽ ജനാധിപത്യ വ്യവസ്ഥയ്ക്ക് പൂർണ്ണമായും എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പാർലമെന്റ് പാസാക്കുന്ന നിയമത്തിൽ ദൈവങ്ങളുടെ നാമകരണം കൊണ്ടുവന്ന് എന്തിനാണ് മതവൽക്കരണം നടത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ പേര് പദ്ധതിയിൽ നിന്ന് ഒഴിവാക്കാൻ എന്താണ് കാരണമെന്നും അദ്ദേഹം ചോദിച്ചു. ബില്ലിനെ പ്രതിപക്ഷം പാർലമെന്റിൽ ശക്തമായി എതിർക്കുമെന്നും, ബിൽ സംയുക്ത പാർലമെന്ററി സമിതിക്കോ (JPC) സ്റ്റാൻഡിങ് കമ്മിറ്റിക്കോ വിട്ടതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വിഷയത്തിൽ ശശി തരൂർ എം.പി.യുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. "ശശി തരൂർ അല്ല ആര് പറഞ്ഞാലും ന്യായീകരണമില്ല. ശശി തരൂരിനെ നിലയ്ക്ക് നിർത്തണോ എന്ന് കോൺഗ്രസ് തീരുമാനിക്കേണ്ട കാര്യമാണ്. പാർട്ടിയുടെ നിലപാടിൽ നിന്നും വ്യത്യസ്തമായ നിലപാട് സ്വീകരിക്കുമ്പോൾ കോൺഗ്രസ് ആണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്," എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com