കോഴിക്കോട്: എലത്തൂർ തിരോധാനക്കേസുമായി ബന്ധപ്പെട്ട് സരോവരത്തെ ചതുപ്പിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ കാണാതായ വിജിലിന്റേതാണെന്ന് ഡി.എൻ.എ. പരിശോധനയിലൂടെ സ്ഥിരീകരിച്ചു. ഇതോടെ, നാല് വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദുരൂഹത നീങ്ങി.(DNA test confirms body parts found in Swamp are Vigil's)
2019 മാർച്ചിലാണ് വിജിലിനെ കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം ലഹരി ഉപയോഗിക്കുന്നതിനിടെ മരണം സംഭവിച്ച ശേഷം മൃതദേഹം ചതുപ്പിൽ താഴ്ത്തിയെന്നായിരുന്നു സുഹൃത്തുക്കളുടെ മൊഴി. അമിത ലഹരി ഉപയോഗത്തെ തുടർന്നാണ് വിജിൽ മരിച്ചതെന്നാണ് പ്രതികൾ പോലീസിനോട് പറഞ്ഞത്.
സുഹൃത്തുക്കളുടെ മൊഴിയെ തുടർന്ന് ദിവസങ്ങളോളം സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിലാണ് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തത്. ഈ ശരീര ഭാഗങ്ങളാണ് ഡി.എൻ.എ. പരിശോധനയ്ക്കായി അയച്ചത്. പരിശോധനാ ഫലമാണ് വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങളാണ് ഇതെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
വിജിലിന്റെ തിരോധാനം സംബന്ധിച്ച് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് അവസാനമായി വിജിൽ സുഹൃത്തുക്കൾക്കൊപ്പമാണ് ഉണ്ടായിരുന്നതെന്ന് കണ്ടെത്തിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് സുഹൃത്തുക്കളായ നിഖിൽ, ദീപേഷ് എന്നിവർ മൃതദേഹം ചതുപ്പിൽ കെട്ടിത്താഴ്ത്തിയതായി മൊഴി നൽകിയത്. തുടർന്ന് നരഹത്യ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി എലത്തൂർ പോലീസ് ഇരുവരേയും അറസ്റ്റ് ചെയ്തു.
ഒളിവിൽ പോയിരുന്ന രണ്ടാം പ്രതി രഞ്ജിത്തിനെ അന്വേഷണ സംഘം തെലങ്കാനയിൽ വെച്ച് പിടികൂടുകയായിരുന്നു. ഡി.എൻ.എ. ഫലം സ്ഥിരീകരിച്ചതോടെ കേസിന്റെ തുടർനടപടികളുമായി പോലീസ് മുന്നോട്ട് പോകും.