കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവാണ് രേഖപ്പെടുത്തിയത്. പവന് ഒറ്റയടിക്ക് 1120 രൂപ കുറഞ്ഞ് 98,160 രൂപ എന്ന നിലയിലും, ഗ്രാമിന് 140 രൂപ കുറഞ്ഞ് 12,270 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് ഇന്ത്യയിൽ സ്വർണവില പ്രധാനമായും നിശ്ചയിക്കപ്പെടുന്നത്. ആഗോളതലത്തിൽ സ്വർണത്തിന്റെ ഡിമാൻഡിലും സപ്ലൈയിലും ഉണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ വിപണിയിൽ തത്സമയം പ്രതിഫലിക്കുന്നു.
സ്വർണം ഇറക്കുമതി ചെയ്യുന്നത് ഡോളറിലാണ്. അതിനാൽ, ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സ്വർണവിലയെ നേരിട്ട് സ്വാധീനിക്കും. രൂപ ദുർബലമാകുമ്പോൾ സ്വർണം ഇറക്കുമതി ചെയ്യാൻ കൂടുതൽ പണം വേണ്ടിവരികയും ആഭ്യന്തര വില ഉയരുകയും ചെയ്യും. കേന്ദ്രസർക്കാർ സ്വർണത്തിന്മേൽ ചുമത്തുന്ന ഇറക്കുമതി തീരുവയുടെ നിരക്ക് വില നിർണ്ണയത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. തീരുവ വർധിപ്പിച്ചാൽ സ്വാഭാവികമായും സ്വർണവില കൂടും.
സാമ്പത്തിക മാന്ദ്യം, യുദ്ധങ്ങൾ, രാഷ്ട്രീയ പ്രതിസന്ധികൾ തുടങ്ങിയ ഘടകങ്ങൾ വരുമ്പോൾ നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണത്തെ കാണുന്നു. ഇത് ആഗോളതലത്തിൽ ഡിമാൻഡ് വർദ്ധിപ്പിക്കുകയും വില കൂടാൻ കാരണമാവുകയും ചെയ്യും. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുകയും ചെയ്യുന്നു.