കോട്ടയത്ത് വീണ്ടും 2,000 രൂപയുടെ വ്യാജനോട്ട് തട്ടിപ്പ്
Wed, 15 Mar 2023

കോട്ടയം: കറുകച്ചാലിൽ വ്യാപാരിക്ക് 2,000 രൂപയുടെ വ്യാജനോട്ടുകൾ നൽകി കബളിപ്പിച്ച് തട്ടിപ്പുകാരൻ. കറുകച്ചാൽ കവലയ്ക്ക് സമീപം മാടക്കട നടത്തുന്ന കുഞ്ഞുക്കുട്ടൻ(74) എന്നയാളാണ് വഞ്ചിക്കപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് തട്ടിപ്പ് നടന്നത്. കാറിലെത്തിയ തട്ടിപ്പുകാരൻ, കുഞ്ഞുക്കുട്ടന്റെ കടയിൽ നിന്ന് 850 രൂപയുടെ സാധനങ്ങൾ വാങ്ങി. ചില്ലറയില്ലെന്ന് പറഞ്ഞ തട്ടിപ്പുകാരൻ കുഞ്ഞുക്കുട്ടന് 2,000 രൂപയുടെ വ്യാജനോട്ട് നൽകുകയായിരുന്നു. വ്യാപാരിയുടെ പക്കൽ കൂടുതൽ നോട്ടുകളുണ്ടെന്ന് മനസിലാക്കിയ തട്ടിപ്പുകാരൻ, മറ്റൊരു വ്യാജനോട്ട് കൂടി നൽകി 2,000 രൂപ കൂടി തട്ടിയെടുത്തു. തട്ടിപ്പുകാരൻ നൽകിയ നോട്ടുകൾ കുഞ്ഞുക്കുട്ടൻ മറ്റൊരു വ്യാപാരിക്ക് കൈമാറിയ വേളയിലാണ് സംഭവം വെളിപ്പെട്ടത്. കുഞ്ഞുക്കുട്ടൻ നൽകിയ പരാതി പ്രകാരം കറുകച്ചാൽ പോലീസ് കേസെടുത്തിട്ടുണ്ട്.