

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയായിരിക്കും എന്ന എ.കെ. ബാലന്റെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത പ്രതിഷേധം. ബാലൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു. ഇസ്‌ലാം ഭീതി പടർത്തി വോട്ട് തട്ടാനുള്ള സിപിഎം തന്ത്രമാണിതെന്ന് ജമാഅത്തെ ഇസ്‌ലാമി ആരോപിച്ചു.(AK Balan's communal agenda, Jamaat-e-Islami says it will move forward with legal action)
എ.കെ. ബാലനും വെള്ളാപ്പള്ളി നടേശനും ഒരേ സോഴ്സിൽ നിന്നാണ് സംസാരിക്കുന്നത് റസാഖ് പാലേരി പറഞ്ഞു. മാറാട് കലാപത്തെക്കുറിച്ചുള്ള ബാലന്റെ പരാമർശം പിൻവലിക്കണം. കേരള സമൂഹത്തിൽ വർഗീയ ധ്രുവീകരണം നടത്താനാണ് സിപിഎം ശ്രമം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഎമ്മിൽ വിവേകമുള്ളവർ ഉണ്ടെങ്കിൽ ബാലനെ തിരുത്തണം എന്നാണ് മുജീബ് റഹ്മാൻ പറഞ്ഞത്. ജമാഅത്തിനെ ടൂൾ ആക്കിയുള്ള സിപിഎം നീക്കം അപകടകരമാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ജമാഅത്തെ ഇസ്‌ലാമിക്ക് എതിരെ എന്തെങ്കിലും വർഗീയ കേസ് എൽഡിഎഫ് സർക്കാർ എടുത്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണം. ബാലൻ അഭിനവ ഗീബൽസ് ആകരുത്.
ബാലന്റേത് അപകടകരമായ വർഗീയ പ്രസ്താവനയാണ് എന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഈ നിലപാടിനോട് സിപിഎം യോജിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ഘടകകക്ഷിയായ സിപിഐയും ഇക്കാര്യത്തിൽ പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എ.കെ. ബാലനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ തീരുമാനം.