

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കുമെന്ന സൂചനകൾ പുറത്തുവരുന്നതിനിടെ, കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ തന്റെ മത്സര സന്നദ്ധത അറിയിച്ചു. പാർട്ടി നിർദ്ദേശിച്ചാൽ ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് ബിജെപി സ്ഥാനാർത്ഥിയായി കെ. സുരേന്ദ്രൻ എത്തുകയാണെങ്കിൽ അത് സന്തോഷമുള്ള കാര്യമാണെന്നും, എന്നാൽ ബിജെപി അവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും സന്ദീപ് പരിഹസിച്ചു.(Sandeep Varier announces his willingness to contest in the assembly elections)
തൃശൂർ തനിക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള സ്ഥലമാണെന്നും അവിടെ നിരവധി സുഹൃത്തുക്കളുണ്ടെന്നും സന്ദീപ് വാര്യർ പറഞ്ഞു. തൃശൂർ കേന്ദ്രീകരിച്ച് സന്ദീപ് സജീവമാകുമോ എന്ന ചർച്ചകൾക്കും ഇത് വഴിതുറന്നിട്ടുണ്ട്. കെ. സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തെ വെല്ലുവിളിച്ച സന്ദീപ്, ബിജെപിക്ക് തങ്ങളുടെ ശക്തി തെളിയിക്കാനാകുമോ എന്ന് കണ്ടറിയണമെന്നും കൂട്ടിച്ചേർത്തു.
പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. അബിൻ വർക്കി ആറന്മുള മണ്ഡലത്തിൽ മത്സരിക്കാനാണ് കൂടുതൽ സാധ്യത. റാന്നി സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ അബിൻ അവിടെയും പരിഗണിക്കപ്പെട്ടേക്കാം. റാന്നിയിൽ മത്സരിക്കാൻ പഴകുളം മധുവും താൽപ്പര്യമറിയിച്ചിട്ടുണ്ട്.
സിറ്റിംഗ് എംപി അടൂർ പ്രകാശിനെയോ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെയോ ആണ് യുഡിഎഫ് കോന്നിയിൽ പരിഗണിക്കുന്നത്. കേരള കോൺഗ്രസ് പ്രതിനിധിയായി യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമൻ സ്ഥാനാർത്ഥിയായേക്കും. പി.ജെ. കുര്യൻ മത്സരരംഗത്തേക്ക് വരണമെന്ന് ആവശ്യമുണ്ടെങ്കിലും അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടില്ല.
ആറന്മുളയിലും കോന്നിയിലും മാറ്റങ്ങൾക്കില്ലെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം നൽകുന്ന സൂചന. വീണാ ജോർജ് തന്നെ വീണ്ടും മത്സരിക്കാനാണ് സാധ്യത. കോന്നിയിൽ കെ.യു. ജനീഷ് കുമാറിന് തന്നെ സീറ്റ് ലഭിച്ചേക്കും. ഇരുവരുടെയും പ്രവർത്തനങ്ങളിൽ പാർട്ടിക്ക് തൃപ്തിയുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും രാജു എബ്രഹാം വ്യക്തമാക്കി.