കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പരാതിക്കാരിയെ ഹൈക്കോടതി കക്ഷി ചേർത്തു. കേസിലെ വാദങ്ങൾ കേൾക്കുന്നതിനിടെ പരാതിക്കാരിയുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഈ മാസം 21 വരെ കോടതി നീട്ടിയിട്ടുണ്ട്.(HC extends Rahul Mamkootathil's arrest stay in Sexual assault case)
മുൻകൂർ ജാമ്യാപേക്ഷയിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ പരാതിക്കാരിക്ക് രണ്ടാഴ്ചത്തെ സമയം ഹൈക്കോടതി അനുവദിച്ചു. ഹർജിയിൽ അന്തിമ തീരുമാനമാകുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന ഇടക്കാല ഉത്തരവാണ് ഈ മാസം 21 വരെ നീട്ടിയത്.
വിശദമായ വാദം കേട്ടതിന് ശേഷം കോടതി രഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കും. യുവതി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പോലീസ് കേസെടുത്തത്. എന്നാൽ രാഷ്ട്രീയ പ്രേരിതമായാണ് തനിക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും നിയമപരമായി നേരിടുമെന്നുമാണ് രാഹുലിന്റെ നിലപാട്.