തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർച്ചയായി മത്സരിച്ചവർ മാറിനിൽക്കുന്ന പതിവ് രീതി ഇത്തവണ വേണ്ടെന്ന് സി.പി.ഐ. ഭരണവിരുദ്ധ വികാരം ശക്തമായ സാഹചര്യത്തിൽ കരുത്തരായ സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കി സീറ്റുകൾ നിലനിർത്താനാണ് പാർട്ടി ലക്ഷ്യമിടുന്നത്. നിലവിലെ നാല് മന്ത്രിമാരും ഇത്തവണ മത്സരരംഗത്തുണ്ടാകും.(CPI also relaxes term limit, 4 ministers enter the fray again)
റവന്യൂ മന്ത്രി കെ. രാജൻ ഒല്ലൂരിൽ തന്നെ രണ്ടാം പോരാട്ടത്തിന് ഇറങ്ങും. ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടും. കടുത്ത മത്സരം പ്രതീക്ഷിക്കുന്ന ചേർത്തലയിൽ കൃഷിമന്ത്രി പി. പ്രസാദിന് പകരം മറ്റൊരു പേര് നിലവിൽ പാർട്ടിയുടെ പരിഗണനയിലില്ല.
മന്ത്രി ചിഞ്ചുറാണിയും മത്സരരംഗത്തുണ്ടാകുമെങ്കിലും ചടയമംഗലത്ത് തന്നെയാണോ എന്നത് ഉറപ്പിച്ചിട്ടില്ല. ചടയമംഗലത്ത് പുതുമുഖങ്ങളെ പരിഗണിക്കാനും സാധ്യതയുണ്ട്. ചാത്തന്നൂരിൽ ജി.എസ്. ജയലാൽ നാലാം തവണയും മത്സരത്തിനിറങ്ങാനാണ് സാധ്യത.
പാർട്ടി നൂറാം വർഷം ആഘോഷിക്കുമ്പോഴും തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകൾ സി.പി.ഐയെ ആശങ്കപ്പെടുത്തുന്നുണ്ട്. 2020-ൽ 6.93 ശതമാനമായിരുന്ന വോട്ട് വിഹിതം ഇത്തവണ 5.58 ലേക്ക് താഴ്ന്നു. ആകെ തദ്ദേശ പ്രതിനിധികളുടെ എണ്ണം 1283-ൽ നിന്ന് 1018 ആയി കുറഞ്ഞു. ആറ് കോർപ്പറേഷനുകളിലായി ഉണ്ടായിരുന്ന 28 കൗൺസിലർമാർ ഇത്തവണ 12 ആയി ചുരുങ്ങി.