ലഹരി കടത്തിന് തടയിട്ട് എക്സൈസ്; ഓണം ഡ്രൈവിൽ 10,469 കേസുകള്‍, 3.25 കോടിയുടെ മയക്കുമരുന്ന് പിടിച്ചു
Updated: Sep 10, 2023, 17:38 IST

തിരുവനന്തപുരം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് രജിസ്റ്റർ ചെയ്തത് 10,469 കേസുകള്‍. ഇതിൽ 833 കേസുകള്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടതും 1,851 എണ്ണം അബ്കാരി കേസുകളുമാണ്. മയക്കുമരുന്ന് കേസുകളിൽ 841 പേരെയും അബ്കാരി കേസുകളിൽ 1479 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആഗസ്റ്റ് ആറിന് ആരംഭിച്ച ഓണം സ്പെഷ്യൽ ഡ്രൈവ് സെപ്റ്റംബർ അഞ്ചിനാണ് അവസാനിച്ചത്. 3.25 കോടി രൂപ വില വരുന്ന മയക്കുമരുന്നാണ് ഓണം ഡ്രൈവിന്റെ ഭാഗമായി എക്സൈസ് പിടിച്ചത്. ഓണം സ്പെഷ്യൽ ഡ്രൈവ് വിജയിപ്പിച്ച എല്ലാ എക്സൈസ് സേനാംഗങ്ങളെയും തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു.
