ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ

മറ്റത്തൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നെറ്റ് സീറോ പദ്ധതിയുമായി ബന്ധപ്പെട്ട് ചെമ്പുച്ചിറ ജി എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്കായി ഊർജ്ജ സംരക്ഷണ ബോധവൽക്കരണ സെമിനാർ നടത്തി. മറ്റത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി വി ബി ഉദ്ഘാടനം നിർവഹിച്ചു. സെന്റ് തോമസ് കോളേജ് പ്രൊഫസർ ഡോ. വിമൽകുമാർ വിദ്യാർത്ഥികൾക്കായി ക്ലാസ് നയിച്ചു.
മറ്റത്തൂർ ഗ്രാമപഞ്ചായത്ത് 2023 -24 സാമ്പത്തിക വർഷത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതിയാണ് നെറ്റ് സീറോ. 2050-ഓടെ നെറ്റ് സീറോ കാർബൺ അവസ്ഥയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമാക്കുന്നത്. കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുക, വികസന പ്രവർത്തനങ്ങൾക്ക് തടസ്സം വരാതെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറച്ച് നെറ്റ് സീറോ കാർബൺ അവസ്ഥയിലെത്തിക്കാനുള്ള പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. എം പി ടി എ പ്രസിഡന്റ് മഞ്ജു സജി അധ്യക്ഷത വഹിച്ചു.വിദ്യാർത്ഥികൾക്കൊപ്പം സ്കൂളിലെ അധ്യാപകരും ബോധവൽക്കരണ സെമിനാറിൽ പങ്കെടുത്തു.