തിരുവനന്തപുരം: കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്ര മേളയിൽ ഒൻപത് സിനിമകൾക്ക് കേന്ദ്ര സർക്കാർ പ്രദർശനാനുമതി നിഷേധിച്ച വിഷയത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി. കേന്ദ്രം വിലക്കിയ ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ധീരമാണെന്ന് അദ്ദേഹം പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലയിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Banning freedom of expression is unacceptable, Resul Pookutty on IFFK film ban)
പ്രദർശിപ്പിക്കുന്ന ചിത്രങ്ങളുടെ പട്ടിക കേന്ദ്രത്തിന് അയക്കുന്നതിൽ യാതൊരു കാലതാമസവും ഉണ്ടായിട്ടില്ലെന്നും റസൂൽ പൂക്കുട്ടി വിശദീകരിച്ചു. “ഒൻപത് സിനിമകൾക്ക് പ്രദർശനാനുമതി തരില്ലെന്നുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ദൗർഭാഗ്യകരമാണ്. ചലച്ചിത്രമേള എന്നത് ഒരു അക്കാദമിക് ആക്റ്റിവിറ്റിയാണ്. അവിടെ ക്യുറേറ്റ് ചെയ്യപ്പെടുന്ന സിനിമകളെല്ലാം കാണിക്കണം. അതിനുള്ള അവസരം ഉണ്ടാകണം. വിഷയത്തിൽ സംസ്ഥാന സർക്കാരെടുത്ത നിലപാട് ധീരമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ വിലക്കുന്നത് അംഗീകരിക്കാനാകില്ല,” റസൂൽ പൂക്കുട്ടി പറഞ്ഞു.
അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രദർശന വിലക്ക് തള്ളി കേരള രാജ്യാന്തര ചലച്ചിത്ര മേളയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാർ അനുമതി നിഷേധിച്ച സിനിമകകൾ പ്രദർശിപ്പിക്കാൻ സാംസ്‌കാരിക വകുപ്പ് ഉത്തരവിറക്കി. കേന്ദ്ര വിലക്കിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാല് പ്രദർശനങ്ങളാണ് മാറ്റിവെക്കേണ്ടി വന്നത്.