അപകടകരമായ രീതിയിൽ ബൈക്ക് റൈസിങ്: സംഘാടകർക്കെതിരെ മോട്ടോർ വാഹന വകുപ്പ്
Sep 6, 2023, 08:26 IST

വടകര: അപകടകരമായ രീതിയിൽ അനുമതിയില്ലാതെ ടൗൺ ഹാൾ മുറ്റത്ത് ബൈക്ക് റൈസിങ് സംഘടിപ്പിച്ച സംഘാടകർക്കെതിരെ മോട്ടോർ വാഹന വകുപ്പ്. ടോറോ 18 ഓട്ടോമോട്ടീവ് ക്ലബിന്റെ നേതൃത്വത്തിലുള്ള വാട്സ് ആപ് കൂട്ടായ്മയാണ് തിങ്കളാഴ്ച വൈകീട്ടോടെയാണ് വടകര ടൗൺ ഹാൾ മുറ്റത്ത് മൂന്ന് ബൈക്കുകൾ ചേർന്ന് അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസ് നടത്താൻ നടക്കുതാഴ സ്വദേശി രോഹിത്ത് ടൗൺ ഹാൾ ബുക്ക് ചെയ്തിരുന്നു. ഇതിന്റ മറവിലാണ് ബൈക്ക് റൈസിങ് സംഘടിപ്പിച്ചത്.
ഒരു സുരക്ഷസംവിധാനവും ഒരുക്കാതെയാണ് പരിപാടി ഒരുക്കിയത്. പരിപാടിയിൽ പങ്കെടുക്കാൻ നിരവധിപേരാണ് സ്ഥലത്തെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയപ്പോൾ സംഘാടകർ ബൈക്കിന്റെ പാർട്സുകൾ ഒളിപ്പിച്ച് തടി തപ്പുകയായിരുന്നു. സംഘാടകരായ നാലുപേരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇവരോട് വ്യാഴാഴ്ച ആർ.ടി ഓഫിസിൽ ഹാജരാകാൻ അറിയിച്ചതായും ബൈക്കുകളുടെ രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
