കാസർഗോഡ്: കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തി. റെയിൽവേ സ്റ്റേഷൻ്റെ തെക്കുഭാഗത്തുള്ള ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിനോട് ചേർന്ന ട്രാക്കിലാണ് സ്ലാബ് കയറ്റിവെച്ച നിലയിൽ കണ്ടത്. യാത്രക്കാരുടെയും പ്രദേശവാസികളുടെയും സമയോചിതമായ ഇടപെടൽ മൂലം വൻ ട്രെയിൻ അപകടം ഒഴിവാകുകയായിരുന്നു.(Concrete slab on railway track, A major disaster was averted)
ട്രാക്കിൽ സ്ലാബ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരാണ് ഉടൻതന്നെ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചത്. റെയിൽവേ ജീവനക്കാർ അടിയന്തരമായി സ്ഥലത്തെത്തി സ്ലാബ് നീക്കം ചെയ്തു. സംഭവത്തിന് പിന്നിൽ അട്ടിമറി സാധ്യതയുണ്ടോ എന്ന് പൊലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. ആരാണ് സ്ലാബ് പാളത്തിൽ വെച്ചതെന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.