ശബരിമല: അയ്യപ്പഭക്തർക്ക് ആശ്വാസമായി സന്നിധാനത്ത് അന്നദാനത്തിന്റെ ഭാഗമായി കേരളീയ സദ്യ വിളമ്പിത്തുടങ്ങി. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഒ.ജി. ബിജു നിലവിളക്ക് കൊളുത്തി സദ്യ അയ്യപ്പന് സമർപ്പിച്ചതോടെയാണ് വിപുലമായ അന്നദാനത്തിന് തുടക്കമായത്. പരിപ്പ്, സാമ്പാർ, രസം, അവിയൽ, തോരൻ, അച്ചാർ, പപ്പടം, പായസം തുടങ്ങി എല്ലാ വിഭവങ്ങളും ഉൾപ്പെട്ടതാണ് സദ്യ.(Kerala Sadhya started being served to devotees at Sabarimala)
ഇനിയുള്ള ദിവസങ്ങളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ കേരളീയ സദ്യയും പുലാവും മാറി മാറി നൽകും. സ്റ്റീൽ പ്ലേറ്റുകളിലും ഗ്ലാസുകളിലുമാണ് ഭക്ഷണം വിളമ്പുന്നത്. കേരളത്തിന്റെ സംസ്കാരവും സദ്യയുടെ രുചിയും ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തുന്നവർക്ക് കൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രതിദിനം ശരാശരി അയ്യായിരത്തോളം ഭക്തർക്കാണ് ഉച്ചയ്ക്ക് അന്നദാനം ഒരുക്കുന്നത്. സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെ വരും ദിവസങ്ങളിലും സദ്യ മുടക്കമില്ലാതെ തുടരാൻ കഴിയുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
ഈ വർഷത്തെ മണ്ഡലപൂജ ഡിസംബർ 27-ന് രാവിലെ 10.10-നും 11.30-നും ഇടയിലുള്ള മുഹൂർത്തത്തിൽ നടക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് അറിയിച്ചു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30-ന് പൂർത്തിയാകും. അന്നേദിവസം രാത്രി 11-ന് ഹരിവരാസനം പാടി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30-ന് വൈകിട്ട് 5-ന് നട വീണ്ടും തുറക്കും.
മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഡിസംബർ 23-ന് രാവിലെ 7-ന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 23-ന് രാവിലെ 5 മുതൽ 7 വരെ ആറന്മുളയിൽ തങ്ക അങ്കി ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. ഡിസംബർ 26-ന് വൈകിട്ട് തങ്ക അങ്കി സന്നിധാനത്ത് എത്തും. തുടർന്ന് വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30-ന് ദീപാരാധന നടക്കും.