തൊടുപുഴ: ഇടുക്കി ആനച്ചാലിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് നിർമ്മിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം ജില്ലാ കളക്ടർ തടഞ്ഞു. ആവശ്യമായ അനുമതികളില്ലാതെയാണ് പാലം പണിതതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തരമായി സ്റ്റോപ്പ് മെമ്മോ പുറപ്പെടുവിച്ചത്. ഇതുസംബന്ധിച്ച ഉത്തരവ് ജില്ലാ പൊലീസ് മേധാവിക്കും കൈമാറി.(Construction without permission, Collector issues stop memo to glass bridge in Anachal)
അഡ്വഞ്ചർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയോ (ATPC) പള്ളിവാസൽ ഗ്രാമപഞ്ചായത്തിന്റെയോ അനുമതിയില്ലാതെയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അനുമതിയില്ലാതെ മണ്ണ് നീക്കിയെന്നും കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.
നിർമ്മാണം നിർത്തണമെന്ന് ആവശ്യപ്പെട്ട് മാർച്ച് ഒന്നിന് തന്നെ പള്ളിവാസൽ പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇത് അവഗണിച്ചാണ് നിർമ്മാണം തുടർന്നതെന്ന് മെമ്മോയിൽ വ്യക്തമാക്കുന്നു. ഏകദേശം രണ്ട് കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് ഈ സ്വകാര്യ ഗ്ലാസ് ബ്രിഡ്ജ് നിർമ്മിച്ചത്. ഒരേ സമയം 40 പേർക്ക് കയറി നിൽക്കാവുന്ന വിധത്തിലുള്ള പാലത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ശനിയാഴ്ചയാണ് നടന്നത്.