

ആലപ്പുഴ: കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെയുണ്ടായ ആവേശത്തിനിടയിൽ നാടിനെ നടുക്കിസി പി എം പ്രവർത്തകൻ കുഴഞ്ഞ് വീണ് മരിച്ചു. പുതിയവിള കൈതക്കാട്ടുശ്ശേരിൽ കിഴക്കതിൽ മനോഹരൻപിള്ള ആണ് ചടങ്ങിനിടെ കുഴഞ്ഞുവീണ് മരിച്ചത്.(CPM worker collapses and dies during oath-taking ceremony)
പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്ര ഗ്രൗണ്ടിൽ വെച്ചായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. പരിപാടിക്കിടെ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചുകൊണ്ടിരിക്കെ മനോഹരൻപിള്ളയ്ക്ക് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടൻതന്നെ അദ്ദേഹത്തെ കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓച്ചിറ പഞ്ചായത്ത് ഉൾപ്പെടെയുള്ള വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ പഞ്ചായത്ത് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന മനോഹരൻപിള്ള, സർവീസിൽ നിന്ന് വിരമിച്ച ശേഷമാണ് പ്രാദേശിക രാഷ്ട്രീയത്തിൽ സജീവമായത്.