Times Kerala

 എട്ടാം ക്ലാസുകാർക്ക്  'ലിറ്റിൽ കൈറ്റ്‌സ് ' അംഗമാകാൻ ജൂൺ 11 വരെ അപേക്ഷിക്കാം

 
 മൂന്ന് ലക്ഷം അമ്മമാർക്ക് ‘ലിറ്റിൽ കൈറ്റ്‌സ്’ വഴി സൈബർ സുരക്ഷാ പരിശീലനം
 

 സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയിഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള 'ലിറ്റിൽ കൈറ്റ്‌സ്' ക്ലബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ  11 വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്‌കൂളിലേയും ക്ലബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാനതലത്തിൽ ജൂൺ 15ന് നടക്കും. സ്‌കൂളുകളിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.

      സോഫ്റ്റ്‌വെയർ അധിഷ്ഠിതമായി നടത്തുന്ന അര മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിംഗ്, 5, 6, 7 ക്ലാസുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർഥികൾക്കായി ജൂൺ 8,9,10 തീയതികളിൽ രാവിലെയും വൈകിട്ടും 07.00 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ, കെ. അൻവർ സാദത്ത് അറിയിച്ചു.  ക്ലാസുകൾ ജൂൺ 11, 12, 13 തീയതികളിൽ ഇതേ സമയങ്ങളിൽ പുനഃസംപ്രേഷണം ചെയ്യും.

      അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് റോബോട്ടിക്‌സ്, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ,  മൊബൈൽആപ്പ് നിർമാണം, പ്രോഗ്രാമിങ്,   ഇ-ഗവേണൻസ്, ഹാർഡ്വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നല്കും. പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്‌സ് പ്രവർത്തനങ്ങളും ബ്ലൈൻഡർ സോഫ്‌റ്റ്വെതയർ പ്രയോജനപ്പെടുത്തിയുള്ള 3D ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്.  ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.

      കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്‌സ്' ഐടി ക്ലബിൽ ഇതുവരെ 4.2 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്‌സിലെ സ്‌കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്‌റ്റ്വെതയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്‌കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദാംശങ്ങൾ www.kite.kerala.gov.in-ൽ ലഭ്യമാണ്.

Related Topics

Share this story