

തിരുവനന്തപുരം: സംസ്ഥാനത്തെ അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം നൽകുന്ന 'സ്ത്രീ സുരക്ഷാ പദ്ധതി'യുടെ അപേക്ഷകൾ ഇന്ന് മുതൽ സ്വീകരിച്ചു തുടങ്ങും. മറ്റ് സാമൂഹികക്ഷേമ പെൻഷനുകളോ ആനുകൂല്യങ്ങളോ ലഭിക്കാത്തവർക്കായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.(Rs 1000 per month as financial assistance for women, applications from today)
ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് അപേക്ഷകൾ നൽകേണ്ടത്. 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും, കേരളത്തിൽ സ്ഥിരതാമസക്കാരായ സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്കും അപേക്ഷിക്കാം.
അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയുള്ളവർക്ക് മാത്രമാണ് ഇതിന് അവകാശം. ആനുകൂല്യം ലഭിക്കാത്തവർ, വിധവ, അവിവാഹിത, വികലാംഗ പെൻഷനുകൾ വാങ്ങുന്നവർ, സർവീസ് പെൻഷൻ, കുടുംബ പെൻഷൻ, ഇ.പി.എഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർ, സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ സ്ഥിരമായോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്നവർ എന്നിവർക്കും അപേക്ഷിക്കാം.
പ്രായം തെളിയിക്കുന്ന രേഖയായി ജനന സർട്ടിഫിക്കറ്റ്/സ്കൂൾ സർട്ടിഫിക്കറ്റ്/ഡി.എൽ/പാസ്‌പോർട്ട്, ഇവ ലഭ്യമല്ലാത്തവർക്ക് മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാം. ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി (IFSC) കോഡ് എന്നിവ നൽകണം. ആധാർ വിവരങ്ങൾ നിർബന്ധമാണ്. സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ആനുകൂല്യം ലഭിക്കുന്നവർ എല്ലാ വർഷവും ആധാർ അധിഷ്ഠിതമായി വാർഷിക മസ്റ്ററിങ് നടത്തണം. ഗുണഭോക്താവ് മരണപ്പെട്ടാൽ അവകാശികൾക്ക് തുക ലഭിക്കില്ല. ജയിൽ ശിക്ഷയോ റിമാൻഡോ അനുഭവിക്കുന്ന കാലയളവിലും ധനസഹായം ലഭിക്കില്ല. തെറ്റായ വിവരങ്ങൾ നൽകി പണം കൈപ്പറ്റിയാൽ 18% പലിശ സഹിതം തുക തിരിച്ചുപിടിക്കുന്നതാണ്.