ശബരിമല സ്വർണ്ണക്കൊള്ള കേസ്: 'പ്രായശ്ചിത്തമായി' ഗോവർദ്ധൻ നൽകിയ 10 പവൻ്റെ സ്വർണ്ണമാല കണക്കിൽ പെടുത്താൻ വൈകി, ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച | Sabarimala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: 'പ്രായശ്ചിത്തമായി' ഗോവർദ്ധൻ നൽകിയ 10 പവൻ്റെ സ്വർണ്ണമാല കണക്കിൽ പെടുത്താൻ വൈകി, ദേവസ്വം ബോർഡിന് ഗുരുതര വീഴ്ച | Sabarimala

വിവാദങ്ങൾ ഉയർന്നതിന് ശേഷം മാത്രമാണ് ഈ മാല മഹസറിൽ രേഖപ്പെടുത്തിയത്
Published on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ കൂടുതൽ പ്രതിരോധത്തിലാക്കി പുതിയ വെളിപ്പെടുത്തലുകൾ. കേസിലെ പ്രതിയായ ബെല്ലാരി ഗോവർദ്ധൻ പ്രായശ്ചിത്തമായി സമർപ്പിച്ച പത്ത് പവൻ സ്വർണ്ണമാല ദേവസ്വം ബോർഡ് കണക്കിൽപ്പെടുത്താതെ രഹസ്യമായി സൂക്ഷിച്ച വിവരം പുറത്തുവന്നു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നതിന് ശേഷം മാത്രമാണ് ഈ മാല മഹസറിൽ രേഖപ്പെടുത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.(Sabarimala gold theft case, serious lapse by the Devaswom Board)

ശബരിമലയിൽ നിന്ന് മോഷ്ടിച്ച സ്വർണ്ണം കൈപ്പറ്റിയതിലുള്ള മനോവിഷമം മാറ്റാൻ 2021-ലാണ് ഗോവർദ്ധൻ പത്ത് പവന്റെ മാല ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്. പോറ്റി ഇത് മാളികപ്പുറം ക്ഷേത്രത്തിൽ സമർപ്പിച്ചു. ഭക്തർ സമർപ്പിക്കുന്ന സ്വർണ്ണം കൃത്യമായി മഹസറിൽ രേഖപ്പെടുത്തണമെന്ന നിബന്ധന നിലനിൽക്കെ, ഈ മാല ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്താതെ ബോർഡ് അധികൃതർ സൂക്ഷിക്കുകയായിരുന്നു.

ശബരിമലയിൽ നിന്ന് വേർതിരിച്ചെടുത്ത സ്വർണ്ണം വാങ്ങിയതിൽ പ്രായശ്ചിത്തം ചെയ്യാനാണ് താൻ മാലയും പത്തുലക്ഷം രൂപയുടെ ഡി.ഡിയും നൽകിയതെന്ന് ഗോവർദ്ധൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം ആരംഭിക്കുകയും വിവാദങ്ങൾ കടുക്കുകയും ചെയ്തതോടെയാണ് അധികൃതർ ഈ മാല മഹസറിൽ രേഖപ്പെടുത്താൻ തയ്യാറായത്. ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണോ മാല കണക്കിൽപ്പെടുത്താതിരുന്നതെന്ന കാര്യം എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ദേവസ്വം ജീവനക്കാരുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്.

അതേസമയം, കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. തട്ടിയെടുത്ത സ്വർണ്ണം ആർക്കൊക്കെയാണ് മറിച്ചുവിറ്റതെന്ന് കണ്ടെത്താനാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നത്. ഇരുവരെയും വിട്ടുകിട്ടുന്നതിനായി എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും ശ്രീകോവിൽ വാതിലുകളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് ഉരുക്കിയെടുത്തതെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചിട്ടുണ്ട്. ഉരുക്കിയെടുത്ത സ്വർണ്ണം ഇടനിലക്കാരനായ കൽപ്പേഷ് വഴി ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലേക്കാണ് എത്തിയത്. ഗോവർദ്ധന്റെ ജ്വല്ലറിയിൽ നടത്തിയ റെയ്ഡിൽ 800 ഗ്രാമിലധികം സ്വർണ്ണം എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

സ്വർണ്ണക്കടത്തിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 2019-ന് മുൻപേ തന്നെ പ്രതികൾക്ക് ശബരിമലയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് എസ്.ഐ.ടി പറയുന്നു. സ്പോൺസർമാരെന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തി. തട്ടിയെടുത്തത് അയ്യപ്പന്റെ സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവർ ഇടപാടുകൾ നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Times Kerala
timeskerala.com