

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ ആവേശം നിയമസഭാ പോരാട്ടത്തിലേക്ക് എത്തിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ മുതിർന്ന നേതാക്കൾ നേരിട്ട് ജില്ലകളിലേക്ക് പോകും. ഇതിനിടെ കൊച്ചി കോർപ്പറേഷൻ മേയറെ നിശ്ചയിക്കുന്നതിനുള്ള നിർണ്ണായകമായ പാർലമെന്ററി പാർട്ടി യോഗം ഇന്ന് എറണാകുളത്ത് ചേരും.(Congress targets assembly elections, Senior leaders to the districts)
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഓരോ മണ്ഡലത്തിലും എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്താൻ മുതിർന്ന നേതാക്കൾ ജില്ലകൾ സന്ദർശിക്കും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സംഘടനയുടെ സന്നദ്ധത ഇവർ നേരിട്ട് പരിശോധിക്കും. സന്ദർശനത്തിന് ശേഷം തയ്യാറാക്കുന്ന സമഗ്ര റിപ്പോർട്ട് ജനുവരി 4, 5 തീയതികളിൽ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കെ.പി.സി.സി ക്യാമ്പിൽ അവതരിപ്പിക്കും.
കൊച്ചി കോർപ്പറേഷൻ മേയറെ തീരുമാനിക്കുന്നതിനായി ഇന്ന് എറണാകുളത്ത് ചേരുന്ന പാർലമെന്ററി പാർട്ടി യോഗം നിർണ്ണായകമാണ്. പുതുതായി ജയിച്ച കോൺഗ്രസ് കൗൺസിലർമാരുടെ അഭിപ്രായം കെ.പി.സി.സി സർക്കുലർ പ്രകാരം രേഖപ്പെടുത്തും. സീനിയർ നേതാക്കളെ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് കെ.പി.സി.സി നിർദ്ദേശം.
നിലവിൽ ദീപ്തി മേരി വർഗീസിനാണ് മേയർ സ്ഥാനത്തേക്ക് കൂടുതൽ സാധ്യത. എന്നാൽ, സീനിയർ നേതാക്കളായ വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരെ രണ്ടര വർഷത്തെ ടേം വ്യവസ്ഥയിൽ പരിഗണിക്കുന്ന കാര്യവും യോഗം ചർച്ച ചെയ്യും. ഡിസംബർ 23-നകം മേയറുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന സൂചന.