വാളയാർ ആൾക്കൂട്ടക്കൊല: രാം നാരായണൻ നേരിട്ടത് മണിക്കൂറുകൾ നീണ്ട ക്രൂര പീഡനമെന്ന് റിമാൻഡ് റിപ്പോർട്ട്; ശരീരത്തിൽ 40-ലധികം മുറിവുകൾ, വടി കൊണ്ട് അടിച്ചു, മുഖത്ത് ചവിട്ടി | Walayar mob lynching

കൊല്ലണമെന്ന ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയാണ് മർദ്ദിച്ചത്
Walayar mob lynching, Remand report says Ram Narayanan faced hours of brutal torture
Updated on

പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് അതിഥി തൊഴിലാളിയായ രാം നാരായണനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിൽ പ്രതികളുടെ കൊടുംക്രൂരത വെളിപ്പെടുത്തി റിമാൻഡ് റിപ്പോർട്ട്. ഛത്തീസ്ഗഡ് സ്വദേശിയായ യുവാവിനെ കൊല്ലണമെന്ന ബോധപൂർവ്വമായ ഉദ്ദേശ്യത്തോടെയാണ് പ്രതികൾ മർദ്ദിച്ചതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.(Walayar mob lynching, Remand report says Ram Narayanan faced hours of brutal torture)

രാം നാരായണന്റെ ശരീരത്തിൽ തല മുതൽ കാൽ വരെ 40-ലധികം മുറിവുകളാണ് പോസ്റ്റ്‌മോർട്ടത്തിന് മുന്നോടിയായുള്ള പരിശോധനയിൽ കണ്ടെത്തിയത്. കനത്ത വടികൾ ഉപയോഗിച്ചുള്ള മർദ്ദനത്തിൽ പുറംഭാഗത്തെ എല്ലുകൾ അറ്റ നിലയിലായിരുന്നു. തലയിലുണ്ടായ ആന്തരിക രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതര പരിക്കുകളുമാണ് മരണത്തിന് കാരണമായത്.

നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിന്റെ പാടുകൾ ശരീരത്തിലുടനീളമുണ്ട്. മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടിയതായും എക്സ്റേ ഫലങ്ങൾ സ്ഥിരീകരിക്കുന്നു. സംഭവത്തിൽ വാളയാർ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് പേരും മുൻപും നിരവധി കേസുകളിൽ ഉൾപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. ഇതിൽ പ്രധാന പ്രതിക്കെതിരെ മാത്രം വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചിലധികം ക്രിമിനൽ കേസുകൾ നിലവിലുണ്ട്. മർദ്ദനം തടയാൻ ശ്രമിച്ച നാട്ടുകാരെപ്പോലും ഭീഷണിപ്പെടുത്തിയാണ് ഈ സംഘം അക്രമം തുടർന്നത്.

കഞ്ചിക്കോട് ജോലി തേടിയാണ് ഒരാഴ്ച മുൻപ് രാം നാരായണൻ പാലക്കാട്ടെത്തിയത്. കുടുംബം തകർന്നതിനെത്തുടർന്ന് ചെറിയ മാനസിക വിഷമത്തിലായിരുന്ന ഇയാൾ വഴിതെറ്റിയാണ് അട്ടപ്പള്ളത്ത് എത്തിയത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെ ഇയാളെ കണ്ട നാട്ടുകാർ 'കള്ളൻ' എന്ന് ആരോപിച്ച് തടഞ്ഞുവെച്ചു. പിന്നാലെയെത്തിയ ക്രിമിനൽ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. രാം നാരായണൻ കള്ളനല്ലെന്നും ജോലി തേടി വന്നതാണെന്നും ബന്ധുക്കൾ പറയുന്നു. "കണ്ടപ്പോൾ കള്ളനെന്ന് തോന്നി" എന്ന നിസ്സാരമായ സംശയമാണ് ഒരു മനുഷ്യന്റെ ജീവനെടുത്തത്. അവശനിലയിലായ രാം നാരായണനെ പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com