

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖലയിൽ മറ്റൊരു ചരിത്ര നിമിഷം കൂടി. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം സ്വദേശി ഷിബുവിൻ്റെ ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നേപ്പാൾ സ്വദേശിനി ദുർഗയ്ക്ക് മാറ്റിവെയ്ക്കും. ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ ആദ്യമായാണ് ഹൃദയമാറ്റ ശസ്ത്രക്രിയ നടക്കുന്നത് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.(First heart transplant surgery at Ernakulam General Hospital)
കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശിയായ ഷിബു വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നേപ്പാൾ സ്വദേശിനി ദുർഗ. ഹൃദയപേശികൾ കടുപ്പമേറുന്ന ഗുരുതരമായ അവസ്ഥയെത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു ഇവർ.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഹൃദയം എയർ ആംബുലൻസ് മാർഗ്ഗമാണ് എറണാകുളത്തേക്ക് എത്തിക്കുന്നത്. കൊച്ചിയിൽ ഹെലിപാഡിൽ നിന്ന് ആശുപത്രിയിലേക്ക് ഹൃദയം വേഗത്തിൽ എത്തിക്കാൻ പോലീസ് 'ഗ്രീൻ ചാനൽ' ഒരുക്കും. ഷിബുവിൻ്റെ കുടുംബത്തിൻ്റെ ഉദാരമായ തീരുമാനത്തിലൂടെ ഹൃദയം കൂടാതെ രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലങ്ങൾ, സ്കിൻ (ത്വക്ക്) എന്നിവയും ദാനം ചെയ്യും. സംസ്ഥാന സർക്കാരിൻ്റെ 'മൃതസഞ്ജീവനി' പദ്ധതിയുടെ ഏകോപനത്തിലാണ് അവയവദാന പ്രക്രിയകൾ പൂർത്തിയാകുന്നത്.