ശബരിമല സ്വർണ്ണക്കൊള്ള കേസ് : പങ്കജ് ഭണ്ഡാരിയെയും ഗോവർദ്ധനെയും SIT കസ്റ്റഡിയിൽ വാങ്ങും, സ്വർണ്ണം ആർക്കൊക്കെ മറിച്ചുവിറ്റു എന്ന് അന്വേഷിക്കും | Sabarimala

മുൻ ദേവസ്വം അംഗങ്ങളിലേക്കും അന്വേഷണം
Sabarimala gold theft case, Pankaj Bhandari and Govardhan to be taken into custody by SIT
Updated on

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരിയെയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനെയും കസ്റ്റഡിയിൽ വാങ്ങാൻ പ്രത്യേക അന്വേഷണ സംഘം നീക്കം തുടങ്ങി. തട്ടിയെടുത്ത സ്വർണ്ണം ആർക്കൊക്കെയാണ് മറിച്ചുവിറ്റതെന്ന് കണ്ടെത്താനാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നത്. ഇരുവരെയും വിട്ടുകിട്ടുന്നതിനായി എസ്.ഐ.ടി ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും.(Sabarimala gold theft case, Pankaj Bhandari and Govardhan to be taken into custody by SIT)

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്നും ശ്രീകോവിൽ വാതിലുകളിൽ നിന്നും വേർതിരിച്ചെടുത്ത സ്വർണ്ണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലെത്തിച്ചാണ് ഉരുക്കിയെടുത്തതെന്ന് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി സമ്മതിച്ചിട്ടുണ്ട്. ഉരുക്കിയെടുത്ത സ്വർണ്ണം ഇടനിലക്കാരനായ കൽപ്പേഷ് വഴി ബെല്ലാരിയിലെ ഗോവർദ്ധന്റെ ജ്വല്ലറിയിലേക്കാണ് എത്തിയത്. ഗോവർദ്ധന്റെ ജ്വല്ലറിയിൽ നടത്തിയ റെയ്ഡിൽ 800 ഗ്രാമിലധികം സ്വർണ്ണം എസ്.ഐ.ടി കണ്ടെത്തിയിരുന്നു.

സ്വർണ്ണക്കടത്തിൽ മുൻ ദേവസ്വം ബോർഡ് അംഗങ്ങളായ ശങ്കർദാസ്, വിജയകുമാർ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇവരെ ഉടൻ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

2019-ന് മുൻപേ തന്നെ പ്രതികൾക്ക് ശബരിമലയുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് എസ്.ഐ.ടി പറയുന്നു. സ്പോൺസർമാരെന്ന നിലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഇവർ ഗൂഢാലോചന നടത്തി. തട്ടിയെടുത്തത് അയ്യപ്പന്റെ സ്വർണ്ണമാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഇവർ ഇടപാടുകൾ നടത്തിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊള്ളമുതൽ കൈപ്പറ്റിയതിന് ശേഷം പ്രായശ്ചിത്തമെന്ന നിലയിൽ ഗോവർദ്ധൻ 10 ലക്ഷം രൂപയുടെ ഡി.ഡി അന്നദാനത്തിനായി നൽകിയെന്നും മാളികപ്പുറത്തേക്ക് 10 പവന്റെ സ്വർണ്ണമാല കൊടുത്തയച്ചുവെന്നും മൊഴിയുണ്ട്. കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങാനുണ്ടെന്നാണ് സൂചന.

Related Stories

No stories found.
Times Kerala
timeskerala.com