കൊച്ചി: മലയാളിക്ക് ഏറെ പ്രിയപ്പെട്ട കുഴിമന്തി, അൽഫാം, തന്തൂരി വിഭവങ്ങളുടെ പാചകത്തിലെ പ്രധാന ഘടകമായ വിറകുകരിക്ക് (Charcoal shortage kerala) സംസ്ഥാനത്ത് രൂക്ഷമായ ക്ഷാമം. പാചകവാതക വിലക്കയറ്റവും അസംസ്‌കൃത വസ്തുക്കളുടെ ദൗർലഭ്യവും മൂലം കരിലഭ്യത കുറഞ്ഞത് ഈ രംഗത്തെ ഹോട്ടൽ വ്യാപാരികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും വിറകുകരി എത്തുന്നത്.
എൽ.പി.ജി (LPG) വില വർദ്ധിച്ചതോടെ നിരവധി ചെറുകിട വ്യവസായ സ്ഥാപനങ്ങളും ഹോട്ടലുകളും വിറകിനെയും കരിയെയും പകരമായി ആശ്രയിക്കാൻ തുടങ്ങിയതാണ് കരി നിർമ്മാണത്തിനുള്ള മരത്തിന്റെ ആവശ്യകത ഉയർത്തിയത്. കൂടാതെ, കരി നിർമ്മാണ മേഖലയിൽ തൊഴിലാളികളുടെ ലഭ്യത കുറഞ്ഞതും കരി ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിച്ചു. ആവശ്യത്തിന് ഉൽപ്പാദനമില്ലാത്തതിനാൽ കരിയുടെ വിപണി വില ഉയരുകയും ഗുണനിലവാരം കാര്യമായി കുറയുകയും ചെയ്തിട്ടുണ്ട്.
കുഴിമന്തി, അൽഫാം, തന്തൂരി, കബാബ്, ബാർബിക്യൂ, ഗ്രിൽഡ് ചിക്കൻ തുടങ്ങിയ വിഭവങ്ങൾക്ക് തനത് രുചിയും മണവും ലഭിക്കാൻ കരിയുടെ പുകയും ചൂടും അത്യാവശ്യമാണ്. ഗ്യാസ് ഉപയോഗിച്ച് ഷവായ് പോലുള്ള വിഭവങ്ങൾ തയ്യാറാക്കാമെങ്കിലും, ഇവയ്ക്ക് കരി ഇല്ലാതെ തനത് രുചി ലഭിക്കില്ല. കേരളത്തിലേക്ക് എത്തുന്ന കരിയുടെ 70 ശതമാനത്തോളവും തമിഴ്‌നാട്ടിൽ നിന്നാണ് വരുന്നത്. ഇവിടെ സുലഭമായി കാണപ്പെടുന്ന ‘കരിവേലം’ (Juliflora) എന്ന മരത്തിന്റെ വിറകാണ് പ്രധാനമായും കരിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. മുൻപ് ടണ്ണിന് 4,000 രൂപയായിരുന്ന ഈ വിറകിന്റെ വില ഇപ്പോൾ 8,000 രൂപ വരെയായി ഉയർന്നതാണ് കരിലഭ്യതയ്ക്ക് തിരിച്ചടിയായത്.
സാധാരണയായി ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള തമിഴ്‌നാട്ടിലെ മൺസൂൺ കാലത്താണ് കരിക്ക് ക്ഷാമം അനുഭവപ്പെടാറുള്ളത്. എന്നാൽ ഇത്തവണ മഴക്കാലത്തിന് മുന്നേ തന്നെ വിപണിയിൽ വൻ ദൗർലഭ്യം നേരിടുകയാണ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള പാചകവാതക പ്രതിസന്ധിയും കരി വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. നിലവിലെ പ്രതിസന്ധി തുടർന്നാൽ വരും ആഴ്ചകളിൽ വിറകുകരി ലഭ്യത കൂടുതൽ കുറയുമെന്നും, ഇത് കുഴിമന്തി, അൽഫാം ഉൾപ്പെടെയുള്ള കരി അധിഷ്ഠിത ഭക്ഷണ വിഭവങ്ങളുടെ വില വർദ്ധിപ്പിക്കാൻ ഇടയാക്കുമെന്നും ഹോട്ടൽ ഉടമകൾ ആശങ്കപ്പെടുന്നു.
Story Summary: Kerala is facing a severe shortage of firewood charcoal, vital for preparing popular dishes like Kuzhimanthi, Alfaham, and Tandoori. Rising LPG prices, increased raw material costs in neighbor states like Tamil Nadu, and labor shortages have led to a price hike and supply deficit, raising concerns over potential price increases for these food items.


