ബ്രഹ്മപുരം: മാലിന്യസംസ്കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

മാലിന്യ സംസ്കരണത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കണമെന്ന് കോടതി പറഞ്ഞു. കൊച്ചിക്കാരെ മുഴുവന്‍ ബോധവത്കരിക്കുന്നതിനേക്കാള്‍ ആയിരം കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതാണ് നല്ലതെന്ന് കോടതി നിർദേശിച്ചു. ജനങ്ങളെ ബോധവത്കരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചപ്പോഴായിരുന്നു ഇക്കാര്യം പറഞ്ഞത്.
ബ്രഹ്മപുരത്തെ തീയണച്ച ഉദ്യോഗസ്ഥരെ ഹൈക്കോടതി അഭിനന്ദിച്ചു. തീ അണയ്ക്കാൻ പ്രവർത്തിച്ച ഫയർഫോഴ്സിലെ ഉദ്യോഗസ്ഥർക്ക് അംഗീകാരവും പാരിതോഷികവും സർക്കാർ ഉറപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടിയുണ്ടാകണം. അതുണ്ടാകാത്തതാണ് ഇപ്പോഴുണ്ടായ കുഴപ്പങ്ങൾക്ക് കാരണം. ഹില്‍ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് മാലിന്യ സംഭരണത്തിന് സംവിധാനം വേണമെന്നും കോടതി നിര്‍ദേശിച്ചു.
കടമ്പ്രയാറിലെ വെള്ളം പരിശോധിക്കണമെന്നും കോടതി നിർദേശിച്ചു. വെള്ളത്തിന്റെ സാമ്പിള്‍ 24 മണിക്കൂറിനകം ശേഖരിച്ച് പരിശോധനയ്ക്ക് അയക്കണം. സമീപ സ്ഥലങ്ങളിലെ ഭൂഗര്‍ഭജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൂടുതല്‍ വായു ഗുണനിലവാര പരിശോധന കേന്ദ്രങ്ങള്‍ ആവശ്യമെന്നും കോടതി പറഞ്ഞു. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് അമിക്കസ്ക്യൂറിമാരെ നിയോഗിക്കുമെന്ന കാര്യം കോടതി ആവര്‍ത്തിച്ചു. മൂന്ന് അമിക്കസ് ക്യൂറിമാരെയാണ് നിയോഗിക്കുക.
ബ്രഹ്മപുരത്ത് ജാഗ്രത തുടരുന്നുവെന്ന് കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അറിയിച്ചു. അഗ്നിരക്ഷാ യൂണിറ്റുകള്‍ ഇപ്പോഴും ബ്രഹ്മപുരത്തുണ്ട്. നേരത്തെ പ്രവര്‍ത്തനം നടത്തിയ പകുതി ഉദ്യോഗസ്ഥരും ബ്രഹ്മപുരത്തുണ്ടെന്നും കളക്ടര്‍ പറഞ്ഞു. കളക്ടര്‍, മലീനീകരണ നിയന്ത്രണബോര്‍ഡ് ചെയര്മാന്, കോര്പ്പറേഷന് സെക്രട്ടറി എന്നിവര്‍ ഓണ്‍ലൈനിലാണ് കോടതിയില്‍ ഹാജരായത്.