കൊച്ചി: രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രമുഖ ചലച്ചിത്ര താരം ആസിഫ് അലി (Asif ali student protest delhi). തന്റെ ഇൻസ്റ്റഗ്രാം (Instagram) അക്കൗണ്ടിലൂടെയായിരുന്നു ആസിഫ് അലിയുടെ പ്രതികരണം. ഡൽഹിയിലും രാജ്യത്തുടനീളവും സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ നാടിന്റെ ഭാവിവാഗ്ദാനങ്ങളാണെന്നും, അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരിക്കുന്ന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും നടൻ കുറിപ്പിലൂടെ വ്യക്തമാക്കി. അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ് (NEET) ചോദ്യപേപ്പർ ചോർച്ച, സി.ബി.എസ്.ഇ (CBSE) ക്രമക്കേടുകൾ എന്നിവയ്ക്കെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ (Cockroach Janata Party) നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നേരെ ഉണ്ടായ പോലീസ് അതിക്രമങ്ങളിൽ രാജ്യവ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇൻഫ്ലുവൻസറും നടനുമായ ഹാഷിർ, പോലീസ് മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് പിന്തുണ അറിയിച്ചു. എക്കാലവും യുവാക്കൾക്കൊപ്പമാണ് താൻ നിലകൊള്ളുന്നതെന്ന് നടൻ നീരജ് മാധവും പ്രതികരിച്ചു.
ജന്തർ മന്തറിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് അതിക്രൂരമായി നേരിട്ടതിനെതിരെ ഗായിക ചിന്മയി ശ്രീപാദ, അഭിനേതാക്കളായ റഹ്മാൻ, അഭിരാമി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു. വിദ്യാർത്ഥികൾ രാജ്യത്തിന്റെ ശത്രുക്കളല്ലെന്ന് ഓർമ്മിപ്പിച്ച താരങ്ങൾ, അവരുടെ ശബ്ദം കേൾക്കാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള മാർച്ചിന് നേരെ ഡൽഹി പോലീസ് നടത്തിയ ലാത്തിച്ചാർജിന്റെയും കണ്ണീർവാതക പ്രയോഗത്തിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചതോടെ സിനിമാ-സാംസ്കാരിക മേഖലയിലെ കൂടുതൽ പ്രമുഖർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി രംഗത്തെത്തുകയാണ്.
Story Summary:
Actor Asif Ali, along with Neeraj Madhav, Hashir, Chinmayi Sripada, Rahman, and Abhirami, extended support to student protests against NEET paper leaks and CBSE irregularities. Asif Ali stated that hearing students’ voices is the government’s duty after police used force against peaceful demonstrators in Delhi.


