ബെംഗളൂരു: അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച് ബൈക്കിൽ കൊണ്ടുപോയി തടാകത്തിൽ തള്ളിയ 21-കാരൻ അറസ്റ്റിൽ (Bengaluru suitcase murder case). സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്യുന്നതിനാണ് കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബെംഗളൂരു നഗരപ്രാന്തത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
ചല്ലഘട്ട സ്വദേശി ബോരേ ഗൗഡയുടെ ഭാര്യ ജയമ്മയാണ് (61) കൊല്ലപ്പെട്ടത്. ഇവരെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കവേയാണ്, ചൊവ്വാഴ്ച ഉച്ചയോടെ രാമോഹള്ളിയിലെ തിമ്മപ്പ തടാകത്തിൽ ചുവന്ന സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് ജയമ്മയാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
കേസുമായി ബന്ധപ്പെട്ട് ചല്ലഘട്ട സ്വദേശിയായ ഗഗൻ ആർ. (21) എന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആഭരണങ്ങൾ കവരാൻ ലക്ഷ്യമിട്ടാണ് പ്രതി ജയമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ജയമ്മയുടെ സ്വർണ്ണമാലയും കമ്മലുകളും ഊരിയെടുത്ത ശേഷം, വീട്ടിലുണ്ടായിരുന്ന സ്യൂട്ട്കേസിൽ മൃതദേഹം തിരികിക്കയറ്റി സ്വന്തം ബൈക്കിൽ കൊണ്ടുപോയി തടാകത്തിൽ തള്ളുകയായിരുന്നു.
തെളിവ് നശിപ്പിക്കുന്നതിനാണ് മൃതദേഹം തടാകത്തിൽ ഉപേക്ഷിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
Story Summary:
A 21-year-old youth named Gagan R. was arrested in Bengaluru for murdering a 61-year-old woman, Jayamma, for her gold jewelry. He stuffed her body inside a red suitcase, transported it on a motorcycle, and dumped it into the Thimmappa lake in Ramohalli.


