തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം അടിക്കണമെന്ന നിബന്ധന ഒഴിവാക്കുന്നു (Kerala tourist bus color rule). ടൂറിസ്റ്റ് ബസുകൾക്ക് ഉടമസ്ഥരുടെ ഇഷ്ടാനുസരണം നിറമടിക്കാൻ അനുമതി നൽകാനുള്ള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (STA) തീരുമാനത്തിന് സർക്കാർ അനുമതി നൽകി. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഗതാഗത വകുപ്പ് ഉടൻ പുറപ്പെടുവിക്കും.
ബസുകൾക്ക് ഏകീകൃത വെള്ളനിറം നൽകിയത് വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുവെന്ന് ബസ് ഉടമകളും ടൂറിസം മേഖലയിലെ പ്രതിനിധികളും പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനത്തിൽ ഇളവ് വരുത്താൻ സർക്കാർ തീരുമാനിച്ചത്.
2022 ഒക്ടോബറിൽ വടക്കാഞ്ചേരിയിലുണ്ടായ ദുരന്തത്തിൽ അഞ്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചതിനെ തുടർന്നാണ് ടൂറിസ്റ്റ് ബസുകൾക്ക് ഏകീകൃത വെള്ളനിറം മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കിയത്. ബസുകളിൽ സിനിമാതാരങ്ങളുടെ കൂറ്റൻ പോസ്റ്ററുകൾ, ബഹുവർണ്ണ ഗ്രാഫിക്‌സുകൾ എന്നിവ പതിക്കുന്നത് മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധതിരിക്കാനും അപകടങ്ങൾക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മറ്റ് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെട്ടെന്ന് പതിക്കുന്ന നിറമെന്ന നിലയിലാണ് അന്ന് വെള്ള നിറം തിരഞ്ഞെടുത്തത്. കൂടാതെ അന്താരാഷ്ട്ര തലത്തിലെ റോഡ് സുരക്ഷാ മാതൃകകളും ഇതിന് പ്രചോദനമായിരുന്നു. പുതിയ ഇളവ് നിലവിൽ വരുമ്പോഴും സുരക്ഷാ മാനദണ്ഡങ്ങളും അമിത ലൈറ്റുകൾക്കും സ്പീക്കറുകൾക്കുമുള്ള നിയന്ത്രണങ്ങളും തുടരുമെന്നാണ് സൂചന.
Story Summary: The Kerala Transport Department is set to issue an order allowing tourist buses to adopt colors of their choice, removing the mandate for a uniform white color scheme implemented after the 2022 Vadakkencherry accident.


