കൊച്ചി: തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രമുഖ നടി ഐശ്വര്യ ലക്ഷ്മി (Actress Aishwarya Lekshmi). തന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രശ്നങ്ങൾ തനിക്കുണ്ടായിരുന്നുവെന്നും നടി വെളിപ്പെടുത്തി. തന്റെ സ്വഭാവത്തെക്കുറിച്ചും ആളുകളുമായി ഇടപഴകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും മനസ്സിലാക്കാൻ 23-ാം വയസ്സ് മുതൽ താൻ തെറാപ്പി എടുക്കാൻ തുടങ്ങിയതാണെന്നും താരം മനസ്സ് തുറന്നു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി തന്റെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചത്.
തനിക്ക് ചില സ്വഭാവ പ്രശ്നങ്ങളുണ്ടെന്ന് സ്വയം തിരിച്ചറിഞ്ഞതുകൊണ്ടാണ് തെറാപ്പിയിലേക്ക് നീങ്ങിയതെന്ന് ഐശ്വര്യ പറയുന്നു.
“എന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഞാൻ ഇതിനായി തെറാപ്പി എടുത്തു. പ്രധാനമായും എന്താണ് പ്രശ്നമെന്നറിയാനായിരുന്നു അത്. കാരണം എല്ലാ മനുഷ്യർക്കും അവരുടേതായ ഒരു രീതി ഉണ്ടല്ലോ. ഞാൻ എന്തുകൊണ്ട് ഇങ്ങനെ, എന്താണ് ഇതിന് കാരണം എന്നതൊക്കെയായിരുന്നു എന്റെ പ്രധാന ചിന്ത. ഇപ്പോഴും എന്റെ അച്ഛനും അമ്മയ്ക്കും അറിയില്ല എനിക്ക് ഇത്രയും പ്രശ്നങ്ങളുണ്ടായിരുന്നു എന്ന്.”
വീട്ടിലെത്തുമ്പോൾ ദേഷ്യം വരുന്നു; രണ്ട് രീതിയിലുള്ള പെരുമാറ്റം
തനിക്ക് 23 വയസ്സുള്ളപ്പോഴാണ് എവിടെപ്പോയാലും ആരുമായി സംസാരിച്ചാലും എല്ലാം തന്നെ പ്രകോപിപ്പിക്കുന്നത് (Trigger) പോലെ തോന്നാൻ തുടങ്ങിയതെന്ന് ഐശ്വര്യ ഓർക്കുന്നു. ഏറ്റവും അടുത്ത സുഹൃത്തുക്കളുമായി സംസാരിക്കുമ്പോൾ താൻ വളരെ സമാധാനവതിയും ഓക്കെയും ആയിരിക്കും. എന്നാൽ വീട്ടിലെത്തി അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യം വരും. എന്തുകൊണ്ടാണ് താൻ അവരോട് മാത്രം ദേഷ്യപ്പെടുന്നതെന്നും, മറ്റാരുമായും പ്രശ്നമില്ലാത്ത താൻ ഒരേ സമയം രണ്ടാളായി പെരുമാറുന്നത് പോലെ തോന്നിയതുമാണ് തെറാപ്പി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചതെന്ന് താരം പറഞ്ഞു. താൻ ഒരിക്കലും ഒരു കോപക്കാരിയാകാൻ ആഗ്രഹിക്കുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
മാതാപിതാക്കൾ സോഷ്യലല്ല; സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാൻ പറ്റില്ല
തന്റെ മാതാപിതാക്കൾ ഒട്ടും സോഷ്യലായ മനുഷ്യരല്ലെന്നും എന്നാൽ താൻ നേരെ തിരിച്ചാണെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു:
വീട്ടിൽ ആരും വരുന്നത് മാതാപിതാക്കൾക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ സഹപ്രവർത്തകരെയോ സുഹൃത്തുക്കളെയോ വീട്ടിലേക്ക് ക്ഷണിക്കാൻ സാധിക്കാറില്ല. ഈ പരിമിതികൾ കാരണം കൊച്ചി, തിരുവനന്തപുരം, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലായാണ് പലപ്പോഴും താമസിക്കുന്നത്. എങ്കിലും വീട്ടിലെത്തി മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാറുണ്ട്.
തന്റെ മാതാപിതാക്കൾ 70 വയസ്സ് പിന്നിട്ടവരാണെന്നും ഈ പ്രായത്തിൽ അവർക്ക് തെറാപ്പിയെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനും അവരെ തിരുത്താനും പ്രയാസമാണെന്നും നടി വ്യക്തമാക്കി. അമ്മയ്ക്ക് ബ്രാൻഡഡ് സാരി വാങ്ങി നൽകിയപ്പോൾ തനിക്ക് ഇത്രയും വലിയ സാരി ഇഷ്ടമല്ലെന്ന് പറഞ്ഞത് മാനസികമായി വിഷമിപ്പിച്ചു. തന്നോടൊപ്പം താമസം മാറാൻ പറഞ്ഞിട്ടും അവർ കേട്ടിട്ടില്ല. എങ്കിലും ഈ ലോകത്ത് തനിക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടുപേർ അവർ തന്നെയാണെന്ന് ഐശ്വര്യ പറഞ്ഞു.
എല്ലാവർക്കും, പ്രത്യേകിച്ച് സിനിമാ താരങ്ങൾക്ക് തെറാപ്പി വേണം
എല്ലാത്തരം മാനസിക ബുദ്ധിമുട്ടുകൾക്കും ആളുകൾ തെറാപ്പി തേടണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു. പ്രത്യേകിച്ച് സിനിമാ താരങ്ങൾ തെറാപ്പി എടുക്കണം. കാരണം നമ്മളെ നന്നായി മനസ്സിലാക്കാൻ നമുക്ക് സാധിച്ചാൽ മാത്രമേ ക്യാമറയ്ക്ക് മുന്നിൽ നന്നായി അഭിനയിക്കാൻ സാധിക്കൂ. തെറാപ്പി എന്നത് വളരെ പണച്ചെലവുള്ള കാര്യമാണ്. നമുക്ക് അനുയോജ്യരായ തെറാപ്പിസ്റ്റിനെ കണ്ടെത്തുക എന്നതും പ്രധാനമാണ്. തനിക്ക് ഭാഗ്യത്തിന് നല്ലൊരു തെറാപ്പിസ്റ്റിനെയാണ് ലഭിച്ചതെന്നും താരം വ്യക്തമാക്കി.
Story Summary: Popular Malayalam actress Aishwarya Lekshmi opened up about her mental health journey and personal life in a recent interview. She revealed that her childhood was challenging and she started undergoing therapy at the age of 23 to understand her emotional triggers and behavioral changes. Aishwarya shared that while she was completely calm with friends, she would often lose her temper with her parents, which made her realize she needed professional help. She also mentioned that her elderly parents are not very social, which limits her from inviting friends home and forces her to shuffle between cities like Kochi, Chennai, and Mumbai. She advocated that everyone, especially actors, should consider therapy for self-awareness.

