പത്തനംതിട്ട: പമ്പാ നദിയിൽ അതിതീവ്ര മഴയെ തുടർന്നുണ്ടായ പ്രളയ പശ്ചാത്തലത്തിൽ (Sabarimala Nira Puthari 2026), നിറപുത്തരി ചടങ്ങുകൾക്കായി നട തുറക്കുന്ന ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ശബരിമല ദർശനം ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടവും ദേവസ്വം ബോർഡും ഭക്തരോട് ആവശ്യപ്പെട്ടു. പത്തനംതിട്ട ജില്ലയിൽ പ്രളയ സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്.
റാന്നി മേഖലയിൽ പമ്പയാർ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ടൗണും സമീപ ജനവാസ മേഖലകളും പൂർണ്ണമായി വെള്ളത്തിനടിയിലായി. മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിനും ഭീഷണിയാകുന്നുണ്ട്.
അതേസമയം പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഒൻപത് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മണിക്കൂറുകളിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും പെരുമഴയ്ക്കും സാധ്യതയുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Story Summary: Due to heavy flooding in the Pamba river and extreme rainfall in Pathanamthitta, authorities have requested Sabarimala devotees to avoid visiting the shrine during the Nira Puthari festival on August 2 and 3. Red alerts have been issued for nine districts in Kerala amidst rising water levels.


