തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ, വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി (Kerala rain alert). ബുധനാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. നാളെ (ഓഗസ്റ്റ് 2) പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത പെരുമഴയിൽ ഏറ്റവും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത് മധ്യകേരളത്തിലാണ്. ഇടുക്കി, കോട്ടയം ജില്ലകളിലെ മലയോര മേഖലകളിൽ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി വീടുകൾ തകരുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
നിലവിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 9 ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ 5 ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 204.4 മില്ലീമീറ്ററിൽ കൂടുതൽ മഴ ലഭിക്കുന്ന അതിതീവ്ര മഴയ്ക്കാണ് സാധ്യത. ഓറഞ്ച് അലർട്ടുള്ള ജില്ലകളിൽ 115.6 മില്ലീമീറ്റർ മുതൽ 204.4 മില്ലീമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
Story Summary: Heavy rains will continue across Kerala till Wednesday, according to the Central Meteorological Department. While nine districts remain under a red alert today, an orange alert has been issued for 12 districts from Pathanamthitta to Kasaragod for tomorrow.


