കൊച്ചിയിലെ അമ്ല മഴ ആശങ്ക; ആദ്യ മഴയുടെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച
Fri, 17 Mar 2023

കൊച്ചി: കൊച്ചിയിൽ അമ്ല മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനൽ മഴ വെള്ളത്തിന്റെ സാമ്പിൾ ശേഖരിക്കുന്നതിൽ മലിനീകരണ നിയന്ത്രണ ബോർഡിന് ഗുരുതര വീഴ്ച. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യമഴയുടെ സാമ്പിൾ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോൾ പ്രകാരം സാമ്പിൾ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ന്യായം. തീപിടുത്തം മൂലം അന്തരീക്ഷത്തിൽ മാരക രാസപദാർത്ഥങ്ങൾ ഉണ്ടാകാമെന്നും ആദ്യത്തെ മഴ, അമ്ല മഴയാകുമെന്നുമൊക്കെ ദിവസങ്ങൾക്ക് മുമ്പേ ആശങ്ക പ്രചരിക്കുന്നുമുണ്ട്. അമ്ല മഴയ്ക്കുള്ള സാഹചര്യം കൊച്ചിയിയില്ലെന്നാണ് വിശദീകരണം. എന്നാൽ അസാധാരണ സാഹചര്യവും ജനത്തിന്റെ ഭീതിയും കണക്കിലെടുത്തെങ്കിലും സാമ്പിൾ പരിശോധിക്കാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടിയുമില്ല. അടുത്ത മഴയുടെ സാമ്പിൾ പരിശോധിക്കാമെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ പറയുന്നത്.